സ്കൂട്ടർ, സൈക്കിൾ മോഷണക്കേസിൽ അറസ്റ്റ്
1460659
Saturday, October 12, 2024 2:17 AM IST
പത്തനംതിട്ട: സ്കൂട്ടർ, സൈക്കിൾ എന്നിവയുടെ മോഷണം പതിവാക്കിയ ആളെ പന്തളം പോലീസ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് പിറകുവശം അങ്ങാടിക്കൽ തെക്ക് ലക്ഷം വീട് കോളനിയിൽ കൈലാത്ത് വീട്ടിൽ സുബിൻ ജേക്കബാണ് ( സുഗുണൻ-28) അറസ്റ്റിലായത്.
ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കടക്കാട് സ്വദേശി തൻവീർ നൗഷാദിന്റെ സുസുക്കി സ്വിഷ് ഇനത്തിൽപ്പെട്ട സ്കൂട്ടർ മോഷണം പോയത്. പോലീസ് സംഘം മോഷണം നടന്ന അഞ്ചാം ദിവസംതന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പലയിടത്തും മോഷ്ടാവിനുവേണ്ടി വലവിരിച്ച് അന്വേഷണസംഘം കാത്തിരുന്നു.
കഴിഞ്ഞദിവസം തിരുവല്ലയിൽനിന്ന് സൈക്കിൾ മോഷ്ടിച്ചുകടന്ന സുബിനെ പന്തളം പോലീസ് പിന്തുടർന്നുവെങ്കിലും പോലീസിന്റെ നീക്കം മനസിലാക്കിയ ഇയാൾ സൈക്കിൾ ഉപേക്ഷിച്ചു കടന്നിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച സ്കൂട്ടർ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
കോയിപ്പുറം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്ടീവ സ്കൂട്ടർ മോഷണക്കേസിലെ പ്രതിയായ സുബിൻ എട്ടു മാസം ജയിലിൽകഴിഞ്ഞിരുന്നു. പന്തളം പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ് അന്വേഷണത്തിനു നേതൃത്വം നൽകി.