കോല്‍ക്കത്തയില്‍ നടത്തുന്നത് വ്യവസ്ഥിതിക്കെതിരായ പോരാട്ടം: മോക്ഷ
1460361
Friday, October 11, 2024 2:57 AM IST
പത്തനംതിട്ട: കോല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഭയയ്ക്കു വേണ്ടിയുള്ള പോരാട്ടം വ്യവസ്ഥിതിക്കെതിരായുള്ളതാണെന്നും നീതി കിട്ടുന്നതു വരെ വിശ്രമമില്ലെന്നും ബംഗാളി നടി മോക്ഷ.
ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്ത കള്ളനും ഭഗവതിയും, ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയായ ആളാണ് ബംഗാളില്‍നിന്നുള്ള മോക്ഷ. കോല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ ജൂണിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയാണ് മോക്ഷ. അഭയയ്ക്ക് നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് മോക്ഷ പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിബിഐയുടെ കുറ്റപത്രത്തില്‍ ഞങ്ങള്‍ക്ക് തൃപ്തിയില്ല. യഥാര്‍ഥ കുറ്റവാളികളെയാണ് കണ്ടെത്തേണ്ടത്. തങ്ങളുടെ പോരാട്ടം വ്യവസ്ഥിതികള്ക്കെതിരേയാണെന്നും മോക്ഷ പറഞ്ഞു.
രാജ്യമെങ്ങും സന്ദർശിക്കുന്പോഴും പോരാട്ടത്തിന്റെ പ്രതീകമായി താൻ ബാഡ്ജ് ധരിച്ചിട്ടുണ്ട്.
ഏഴു ജൂണിയര്‍ ഡോക്ടര്‍മാര്‍ ഇപ്പോഴും പട്ടിണി സമരത്തിലാണ്. അഭയയ്ക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് രണ്ടു മാസം കഴിയുന്നു. ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും മോക്ഷ പറഞ്ഞു.