വരുന്നു, 60 കുട്ടികൾകൂടി; വീർപ്പുമുട്ടി പത്തനംതിട്ട നഴ്സിംഗ് കോളജ്
1459898
Wednesday, October 9, 2024 6:29 AM IST
പത്തനംതിട്ട: യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ മുടന്തി നീങ്ങുന്ന പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളജിലേക്ക് രണ്ടാമത്തെ ബാച്ചിന്റെ പ്രവേശന നടപടികൾ പൂർത്തിയായി. 60 കുട്ടികൾ കൂടി കോളജിലേക്ക് എത്തുന്നതോടെ ഇവർക്കാവശ്യമായ സൗകര്യങ്ങൾ എവിടെ ഒരുക്കുമെന്നറിയാതെ വിഷമത്തിലാണ് കോളജ് അധികൃതർ.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ജംഗ്ഷനിലെ വാടകക്കെട്ടിടത്തിലാണ് ഒരുവർഷം മുന്‍പ് സർക്കാർ നഴ്സിംഗ് കോളജ് ആരംഭിച്ചത്. പ്രവേശന നടപടികൾ ഏതാണ്ട് അന്തിമഘട്ടത്തിലെത്തി നിൽക്കുന്പോഴാണ് പത്തനംതിട്ടയിലടക്കം നഴ്സിംഗ് കോളജുകളിലേക്ക് ബിഎസ്സി നഴ്സിംഗ് പഠനത്തിനായി അപേക്ഷ ക്ഷണിച്ചത്. റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന കുട്ടികൾ സർക്കാർ മേഖലയിൽ പഠനം നടത്താൻ ലഭിച്ച അവസരം നഷ്ടമാക്കിയില്ല. 60 സീറ്റിലും കുട്ടികളെ ലഭിച്ചു.
നഴ്സിംഗ് കൗണ്‍സില്‍ നിര്‍ദേശ പ്രകാരമുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ ലഭ്യമല്ലാതിരുന്നിട്ടും സർക്കാർ സ്വാധീനം ഉപയോഗപ്പെടുത്തി ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ വാങ്ങി പ്രവർത്തനം തുടങ്ങുകയായിരുന്നു.
രണ്ടു മാസത്തിനുള്ളില്‍ എല്ലാം ശരിയാക്കാമെന്ന ഉറപ്പിലാണ് അംഗീകാരം വാങ്ങിയതെന്നു പറയുന്നു. പിന്നീട് ഒരു സെമസ്റ്റർ പൂർത്തീകരിച്ച് പരീക്ഷയും നടന്നു. പരീക്ഷാഫലം സർവകലാശാല തടഞ്ഞതോടെയാണ് കോളജിന്റെ അസൗകര്യങ്ങളിൽ വീണ്ടും ശ്രദ്ധ ഉണ്ടാകുന്നത്.
സംസ്ഥാന മെറിറ്റ് ലിസ്റ്റിൽ മുൻനിരയിലുള്ള കുട്ടികളാണ് രണ്ടാം ബാച്ചിലും പത്തനംതിട്ടയിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. ഇവർക്കാവശ്യമായ സൗകര്യങ്ങൾ ഇപ്പോഴത്തെ കെട്ടിടത്തിൽ ലഭ്യമല്ല.
കഴിഞ്ഞ ഒരു വർഷത്തിനിടെ പുതിയ കെട്ടിടം കണ്ടെത്തി ക്ലാസുകൾ മാറ്റാനോ സൗകര്യങ്ങൾ ഒരുക്കാനോ ഒരു നടപടിയും സ്വീകരിക്കാത്തവർ പുതിയ ബാച്ചിനായി അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ എന്താണ് ചെയ്യാൻ പോകുന്നതെന്നു കൗതുക പൂർവം വീക്ഷിക്കുകയാണ് രക്ഷിതാക്കൾ.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി
ഒരു നഴ്സിംഗ് കോളജ് പ്രവർത്തിപ്പിക്കാൻ പര്യാപ്തമല്ല ഇപ്പോഴത്തെ വാടകക്കെട്ടിടം. കസേരകള്‍ക്കിടയില്‍ എഴുന്നേറ്റു നില്ക്കാന് പോലും സ്ഥലമില്ലാത്ത മുറിയിലാണ് 60 വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നടക്കുന്നത്. ക്ലാസ് മുറിക്ക് നടുവിലെ തൂണുകള്‍ കാരണം അധ്യാപകരെ കാണാന്‍ കഴിയാത്തതും തിരക്കേറിയ റോഡിലെ ശബ്ദം കാരണം പിന്നില്‍ ഇരക്കുന്നവര്‍ക്ക് ക്ലാസ് കേള്‍ക്കാന്‍ കഴിയാത്തതും കുട്ടികൾ പലതവണ ചൂണ്ടിക്കാട്ടിയതാണ്.
ഹോസ്റ്റല്‍ ലഭ്യമല്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ കുട്ടികള്‍ വന്‍ തുക ചെലവാക്കിയാണ് ഒന്നര കിലോമീറ്ററോളം ദൂരെയുള്ള സ്വകാര്യ കെട്ടിടങ്ങളില്‍ താമസിക്കുന്നത്. 16 കിലോമീറ്റര്‍ ദൂരെയുള്ള കോന്നി മെഡിക്കല്‍ കോളജിലേക്കാണ് ക്ലിനിക്കല്‍ പരിശീലനത്തിന് പോകേണ്ടത്. സ്വന്തമായി വാഹനം കോളജിന് ഇല്ലാത്തതിനാല്‍ യാത്രാച്ചെലവുതന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്ലസ്ടു പഠനത്തിനുശേഷം പ്രവേശനപരീക്ഷയില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന് നേടിയവരാണ് വിദ്യാര്‍ഥികള്‍. സാമ്പത്തികച്ചെലവ് താങ്ങാനാകാതെ രണ്ട് കുട്ടികൾ പഠനം അവസാനിപ്പിച്ചു. ആദ്യബാച്ചിൽ 54 പെണ്‍കുട്ടികളുണ്ട്. ഇവർക്ക് ഒരു ടോയ്ലറ്റ് മാത്രമാണ് നിലവിലെ കെട്ടിടത്തിലുള്ളത്. ഇക്കാര്യങ്ങൾ പലതവണ രക്ഷിതാക്കളും കുട്ടികളും ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നഴ്സിംഗ് കോളജിനു സ്വന്തമായി കെട്ടിടം ഉണ്ടാകുമെന്നും സൗകര്യങ്ങൾ വിപുലപ്പെടുമെന്നും പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല.
രണ്ടാം സെമസ്റ്റർ പരീക്ഷ 15 മുതൽ
നിലവിലെ ബാച്ചിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷ 15ന് ആരംഭിക്കുകയാണ്. കഴിഞ്ഞ വർഷം മതിയായ അധ്യാപകർ ക്ലാസെടുക്കാനുണ്ടായിരുന്നില്ല. ലാബോറട്ടറി സൗകര്യവും ലഭിച്ചില്ല. ആദ്യ സെമസ്റ്ററിൽ ബാച്ചിന് 90 ശതമാനം വിജയമുണ്ടായിരുന്നു.
60 കുട്ടികളിൽ 54 പേരും വിജയിച്ചു. പരീക്ഷാഫലം സർവകലാശാല തടഞ്ഞുവച്ചതിനു പിന്നാലെ വിദ്യാർഥികൾ പ്രക്ഷോഭരംഗത്തേക്കു കടന്നതോടെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇടപെട്ട് ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ വിശദമായ ഫലമോ പ്രിന്റൗട്ടോ കുട്ടികൾക്ക് ലഭിച്ചിട്ടില്ല. രണ്ടാം സെമസ്റ്റർ പരീക്ഷകൂടി കഴിയുന്നതോടെ ഇപ്പോഴത്തെ ബാച്ച് രണ്ടാം വർഷത്തിലേക്കു പ്രവേശിക്കും. പുതിയ ബാച്ചിനു നവംബറിനു മുന്‍പായി ക്ലാസ് തുടങ്ങും.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ഇതേവരെ പത്തനംതിട്ട നഴ്സിംഗ് കോളജിനു ലഭിച്ചിട്ടില്ല. കേരള നഴ്സിംഗ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും താത്കാലിക അംഗീകാരത്തോടെയാണ് ക്ലാസുകൾ തുടങ്ങിയത്.
എന്നാൽ ഐഎൻസി അംഗീകാരം വാങ്ങാതെ കുട്ടികളുടെ പരീക്ഷാഫലം നൽകാനാകില്ലെന്ന നിലപാടാണ് സർവകലാശാല സ്വീകരിച്ചത്. തുടർന്നും ഇതേ നിലപാടിലേക്ക് സർവകലാശാലയ്ക്കു നീങ്ങേണ്ടിവരും.
കുട്ടികൾ സമരം ചെയ്തു, പ്രിൻസിപ്പൽ തെറിച്ചു
ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ സർക്കാർ നഴ്സിംഗ് കോളജിൽ സൗകര്യമില്ലെന്നും അംഗീകാരമില്ലെന്നുമൊക്കെ പറഞ്ഞ് കുട്ടികളും അവരുടെ രക്ഷിതാക്കളും സമരം ചെയ്തതിനു പിന്നാലെ നഴ്സിംഗ് കോളജ് പ്രിൻസിപ്പലിനെ കാസർഗോഡിനു സ്ഥലംമാറ്റി. കുട്ടികളെയും സംസ്ഥാനത്തെ ഇതര നഴ്സിംഗ് കോളജിലേക്കു മാറ്റുന്നതും ആലോചിച്ചതാണ്.
എറണാകുളം നഴ്സിംഗ് കോളജ് പ്രിൻസിപ്പലിനെയാണ് പിന്നീടു പത്തനംതിട്ടയിലേക്ക് നിയമിച്ചത്. ഹോസ്റ്റൽ അടക്കമുള്ള സൗകര്യങ്ങൾക്കായി പുതിയ കെട്ടിടം കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് മലയാലപ്പുഴ മുസലിയാർ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റൽ കെട്ടിടം ഏറ്റെടുക്കുന്നതു സംബന്ധിച്ചു ധാരണയായതായി പറയുന്നു.
കുട്ടികളുടെ യാത്രയ്ക്കായി ഒരു ബസ് വാങ്ങാൻ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. എംഎൽഎ ഫണ്ട് വിനിയോഗിച്ചു വേണം ബസ് വാങ്ങാൻ. നടപടികൾ എങ്ങുമെത്തിയിട്ടില്ല. കോളജിനുവേണ്ടി പുതിയ കെട്ടിടം കണ്ടെത്തി ക്ലാസുകൾ മാറ്റണമെന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യത്തിലും തീരുമാനമായിട്ടില്ല.
കോളജിലേക്ക് പുതിയ പ്രിൻസിപ്പൽ വന്നതിനു പിന്നാലെ താത്കാലികമായ എട്ട് അധ്യാപകരെക്കൂടി നിയമിക്കാൻ ധാരണയായി. താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അടുത്ത ബാച്ച് വരുന്പോൾ അധ്യാപകരെങ്കിലും ഉണ്ടാകുമെന്ന് ആശ്വസിക്കാം.