ഭക്ഷണ വില്പനശാലകളിൽ പരിശോധന ഊർജിതമാക്കണം: താലൂക്ക് വികസനസമിതി
1459200
Sunday, October 6, 2024 2:54 AM IST
മല്ലപ്പള്ളി: താലൂക്കിലെ ഭക്ഷണ വില്പനശാലകളിൽ പരിശോധനകൾ കർശനമാക്കണമെന്നും ഗുണനിലവാരം ഉറപ്പാക്കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയെന്നും അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ഫുഡ്സേഫ്റ്റി ഓഫീസർ യോഗത്തെ അറിയിച്ചു.
സ്കൂൾ സമയത്ത് ടിപ്പറുകൾ ഓടുന്നതു സംബന്ധിച്ച പരാതികൾ വ്യാപകമാണെന്നും ഇതു സംബന്ധിച്ച് നടപടികൾ ഉണ്ടാകണമെന്നും പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരോടു യോഗം നിർദേശിച്ചു.
മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ റോഡ് പുനർ നിർമിക്കാൻ നടപടി ആരംഭിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.വെണ്ണിക്കുളം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ലെന്ന പരാതി ഉണ്ടായി.
കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂര് ബസ് സ്റ്റാൻഡ് പരിസരത്ത് കാട് വളർന്നു നിൽക്കുന്നതും, മണൽ കൂട്ടിയിട്ടിരിക്കുന്നതും നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തുരുത്തിക്കാട് ബിഷപ് എസി റോഡിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് താലൂക്ക് വികസന സമിതിയിൽ തീരുമാനമെടുത്തു.
മല്ലപ്പള്ളി ഗവ. ആശുപത്രിയുടെ മുൻവശത്തുള്ള വാഹന പാർക്കിംഗ് പ്രശ്നം പരിഹരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. തീയാടിക്കൽ ജംഗ്ഷനിൽ അപകട മേഖലയാകുന്നുവെന്നും, വാഹന വേഗം നിയന്ത്രണ ബോർഡ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുൻവശത്തെ ഓടകൾക്ക് സ്ലാബ് ഇട്ടിട്ടുള്ളതായി പിഡബ്ല്യുജി അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ദാനിയേൽ അധ്യക്ഷത വഹിച്ചു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണിൽ,
ഷെറി തോമസ്, അലക്സ് കണ്ണമല, ശശികുമാർ ചെമ്പുകുഴി, വി.എസ്. സോമൻ, ജയിംസ് വർഗീസ്, കെ.എം.എം. സലീം, റെജി ചാക്കോ, സിറാജ് ചുങ്കപ്പാറ, തഹസിൽദാർ ഡി. അജയൻ എന്നിവർ പ്രസംഗിച്ചു.