ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരത്തിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
1459192
Sunday, October 6, 2024 2:49 AM IST
പത്തനംതിട്ട: മരം മുറിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം വന്നു മരത്തിൽ കുടുങ്ങിയ ആളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. വള്ളിക്കോട് കോട്ടയംഅന്തിച്ചന്ത ജംഗ്ഷനിൽ എൻജെ സ്പൈസസ് സ്ഥാപനത്തിന്റെ മുറ്റത്തു നിന്ന തേക്ക് മരം മുറിച്ചു കൊണ്ടിരുന്ന കുമ്മണ്ണൂർ കാലായിൽ തടത്തരികത്ത് ചരിവുകാലായിൽ ജലീലാണ് (49) മരത്തിൽ കുടുങ്ങിയത്. ഇടതു വശം തളർന്ന് അവശനായതു കണ്ട് ഒപ്പമുണ്ടായിരുന്ന മലയാലപ്പുഴ സ്വദേശി പ്രസാദ് വേഗം മരത്തിൽ കയറി ജലീലിനെ മരത്തോടു ചേർത്തു വച്ചു കെട്ടി.
ഉടൻ അഗ്നി രക്ഷാ സേനയെ അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബു വിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നിന്നും അഗ്നിശമന സേന എത്തിരക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ. പി. ദില്ലു, എസ്. സതീശൻ, എസ്. ശ്രീകുമാർ എന്നിവർ മരത്തിനു മുകളിൽ കയറി അതിസാഹസികമായി നെറ്റിൽ കയറ്റുകയും മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ താഴെ എത്തിക്കുകയും ചെയ്തു. ഉടൻ തന്നെസേനയുടെ ജീപ്പിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. ശ്രീനാഥ്, ജെ. അമൽചന്ത്, വിഷ്ണു വിജയ്, അസിം അലി, ആൻസി ജെയിംസ്, ഹോം ഗാർഡുമാരായ അജയകുമാർ, വിനയചന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.