സഹപാഠിയുടെ സ്മരണകളിൽ തോമസ്
1458952
Saturday, October 5, 2024 2:55 AM IST
ഇലന്തൂർ: പ്രിയ സഹപാഠിയുടെ ബാല്യകാല സ്മരണകൾ അയവിറക്കി മുൻ സൈനിക ഉദ്യോഗസ്ഥൻ ആറ്റൂർ കെ.എം. തോമസ്. ഒടാലിൽ തോമസ് ചെറിയാനും താനും ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഒന്നിച്ചു പഠിച്ചവരാണെന്ന് തോമസ് പറഞ്ഞു.
ഇലന്തൂർ ചിറക്കാല എൽപി സ്കൂളിൽ നാലുവരെയും പിന്നീട് പ്രക്കാനം യുപി സ്കൂളിൽ ഏഴുവരെയും ഒന്നിച്ചു പഠിച്ചു. പിന്നീട് തോമസ് ചെറിയാൻ പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലേക്കും കെ.എം. തോമസ് മാർത്തോമ്മ സ്കൂളിലേക്കും ഹൈസ്കൂൾ പഠനത്തിനായി പോയി.
തന്നേക്കാൾ ഒരുവർഷം മുന്പ് തോമസ് ചെറിയാൻ സൈന്യത്തിൽ ചേർന്നതായി കെ.എം. തോമസ് പറഞ്ഞു. നാഗ്പൂരിലെ കാംബിയിലായിരുന്നു തങ്ങൾക്ക് പരിശീലനം. സൈന്യത്തിൽ ചേർന്നതിനുശേഷം തോമസ് ചെറിയാനെ കാണാൻ കഴിഞ്ഞില്ല. നാട്ടിൽ എത്തിയപ്പോഴാണ് വിമാനാപകടം അറിഞ്ഞത്. തോമസ് ചെറിയാനും അപകടത്തിൽപ്പെട്ടതറിഞ്ഞപ്പോൾ ഏറെ ദുഃഖമുണ്ടായി.
24 വർഷത്തെ സേവനത്തിനുശേഷമാണ് താൻ കരസേനയിൽനിന്നു വിരമിച്ചതെന്ന് കെ.എം. തോമസ് പറഞ്ഞു. പിന്നീട് സ്വകാര്യ ഐടിഐയിൽ അധ്യാപകനായിരുന്നു. ഇലന്തൂർ ചിറക്കാലായിലാണ് ഇപ്പോൾ താമസം.
തോമസ് ചെറിയാന്റെ മൃതദേഹം എത്തിയതു മുതൽ സംസ്കാരം പൂർത്തിയാകുന്നതുവരെ ഈ സഹപാഠി ഇന്നലെ ഒപ്പമുണ്ടായിരുന്നു.