ബിഗ് സല്യൂട്ട് ഫ്രം ഇലന്തൂർ : നാട് ഏറ്റുവാങ്ങി, പ്രിയ പുത്രനെ
1458950
Saturday, October 5, 2024 2:55 AM IST
ഇലന്തൂർ: അഞ്ചര പതിറ്റാണ്ട് പിന്നിലെ ഓർമകളിലേക്ക് ഇലന്തൂർ ഗ്രാമം സഞ്ചരിച്ച പകലായിരുന്നു ഇന്നലെ. പുതുതലമുറയ്ക്കു കേട്ടുകേഴ്വി പോലുമില്ലാത്ത ഒരു സംഭവത്തെ കഴിഞ്ഞ ഏതാനും ദിവസങ്ങൾകൊണ്ട് അവർ ഏറ്റെടുത്തു.
മനസിൽനിന്നു മാഞ്ഞുപോയ മുഖവും മറ്റും ചേർത്തുവച്ച് പഴയതലമുറയും ഒന്നിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏടുകളിൽ ഇടംനേടിയ ഇലന്തൂർ ഗ്രാമം അങ്ങനെ ഒരിക്കൽകൂടി ദേശീയ പതാകയിൽ പൊതിഞ്ഞ മൃതദേഹത്തിനരികിൽ സൈനികർക്കു നൽകി ഒരു ബിഗ് സല്യൂട്ട്.
ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്റെ സ്മരണ ഇലന്തൂർ ഗ്രാമത്തിൽ അധികമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈയാഴ്ചയാദ്യം മുതൽ ഈ ഗ്രാമം ആ പേരും ഒടാലിൽ വീടും സ്വന്തമെന്ന പോലെ ചേർത്തുവച്ചതിന്റെ പ്രതീകമായിരുന്നു ഇന്നലത്തെ ആൾക്കൂട്ടം.
അന്പത്താറുവർഷം മുന്പ് ഹിമാചലിലെ മഞ്ഞുമലയിൽ തകർന്നു വീണ വിമാനത്തിൽ യാത്രക്കാരനായിരുന്ന സൈനികൻ ഒടാലിൽ തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തി നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു സംസ്കരിച്ചപ്പോൾ ക്രമീകരണങ്ങൾക്കു ചുക്കാൻ പിടിച്ചത് നാട്ടിലെ പുതുതലമുറയാണ്.
എല്ലാം ചരിത്രത്തിന്റെ നിയോഗം പോലെ കൺമുന്പിൽ തെളിഞ്ഞുവന്നപ്പോൾ വിശ്വാസിയുടെ മടങ്ങിവരവും ജന്മനാട്ടിലെ അന്ത്യവിശ്രമവുമെല്ലാം ബൈബിൾ വചനങ്ങളിലൂടെ ഓർമപ്പെടുത്താനുമായി.
ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിലും ആൾക്കൂട്ടം
ഇന്നലെ രാവിലെ തോമസ് ചെറിയാന്റെ മൃതദേഹ പേടകവും വഹിച്ചുകൊണ്ടുള്ള സൈനിക വാഹനം ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിലെത്തുന്പോൾ അവിടെ കാത്തുനിന്ന് അന്തിമോപചാരം അർപ്പിച്ചവർ ഏറെയായിരുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ആന്റോ ആന്റണി എംപി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവർ ഇലന്തൂരിലെത്തിയിരുന്നു.
പേടകത്തിലേക്ക് പുഷ്പചക്രവും പൂക്കളും അർപ്പിച്ച് തങ്ങളുടെ പ്രിയ സൈനികന് അവർ വിടചൊല്ലി. പിന്നീട് തോമസ് ചെറിയാന്റെ സഹോദര പുത്രനായ ഷൈജുവിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിച്ച് പ്രാർഥന നടത്തി. വൈദികരുടെ നീണ്ടനിര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഉച്ചയോടെ ഭവനത്തോടു വിടചൊല്ലി നടന്ന അവസാനഘട്ട ശുശ്രൂഷയ്ക്ക് മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ദിയസ്കോറസും ജോസഫ് മാർ ദിവന്നാസിയോസും കാർമികത്വം വഹിച്ചു. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്കുവേണ്ടി യൂഹാനോൻ മാർ ദിയസ്കോറസ് പുഷ്പചക്രം അർപ്പിച്ചു. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ വീട്ടിലും അന്തിമോപചാരം അർപ്പിക്കാനെത്തി.
ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മുൻ സെക്രട്ടറി ജോർജ് ജോസഫ് തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
വിലാപയാത്ര നിയന്ത്രിച്ച് സൈന്യവും വിമുക്ത ഭടന്മാരും
ഇലന്തൂരിലെ വീട്ടിൽനിന്നും കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്കു നടന്ന വിലാപയാത്രയിലും സൈന്യവും വിമുക്തഭടന്മാരും വേണ്ട ക്രമീകരണം ചെയ്തു. മൃതദേഹപേടകം വഹിച്ചത് പൂർണമായി സേനാംഗങ്ങളായിരുന്നു. കരസേനയ്ക്കു സഹായവുമായി വിവിധ സേനകളിലെ വിമുക്തഭടന്മാരടക്കം സമീപ ജില്ലകളിൽനിന്നും എത്തിയിരുന്നു. പ്രത്യേക യൂണിഫോമിൽ ഇവർ ക്രമീകരണങ്ങൾ നടത്തി.
ദേവാലയത്തിൽ സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനു വേണ്ടിയും റീത്ത് സമർപ്പിച്ചു. മന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ എന്നിവരാണ് പുഷ്പചക്രം അർപ്പിച്ചത്. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറും അന്തിമോപചാരം അർപ്പിച്ചു.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വിവിധ സഭകളിലെ വൈദികർ തുടങ്ങിയവർ അനുശോചനം അറിയിച്ചു. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ സന്ദേശം തുന്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ വായിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ സന്ദേശം ആന്റോ ആന്റണി എംപിയും വായിച്ചു.
സൈന്യത്തിന്റെ 60 അംഗ സംഘം
തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാന്പിലെയും രണ്ടാം മദ്രാസ് റെജിമെന്റിലെയും എൻസിസി 14 ാം ബറ്റാലിയനിലെയും അറുപതംഗ സംഘമാണ് തോമസ് ചെറിയാന്റെ സംസ്കാര ചടങ്ങുകളിൽ നേതൃത്വം വഹിച്ചത്. കമാൻഡിംഗ് ഓഫീസർ എ.കെ. സിംഗ് നേതൃത്വം നൽകി.
കേണൽ ജോൺ മാത്യു, കേണൽ സഞ്ജു ചെറിയാൻ, ലെഫ്. കേണൽ സുമിത് എസ്. കുൽക്കർണി,
മേജർ പങ്കജ്, എൻസിസി ബറ്റാലിയൻ കേണൽ മായങ്ക് ഖാർഗെ, ഇഎംഇ - മേജർ പങ്കജ്, സുബേദാർ മേജർ ജയപ്രകാശ്, ഹവിൽദാർ സി.എസ്. ലാൽ, ഹവിൽദാർ ബൻവർ ലാൽ എന്നിവരും ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു.
പത്തനംതിട്ട ടീം സോൾജിയേഴ്സ് പ്രസിഡന്റ് രജീവ് കെ. നായർ, രക്ഷാധികാരി രാജ് മോഹൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളും വിമുക്ത ഭടരുമായ അന്പതംഗ സംഘമുണ്ടായിരുന്നു.
സംസ്കാരം നടന്നത് പ്രത്യേക കല്ലറയിൽ
ഇലന്തൂർ: സൈനികൻ തോമസ് ചെറിയാന് പള്ളി അങ്കണത്തിൽ പ്രത്യേക കല്ലറ ഒരുക്കി കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ഇടവക. പള്ളിയോടു ചേർന്ന് വൈദികരുടെ കബറുകൾക്ക് തൊട്ടടുത്തായി പുതിയ കല്ലറ നിർമിച്ചാണ് തോമസ് ചെറിയാനെ ഇന്നലെ സംസ്കരിച്ചത്.
ഇടവകയുടെ സെമിത്തേരിയിൽ ഒടാലിൽ കുടുംബക്കല്ലറയിൽ സംസ്കരിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഇടവക പ്രത്യേക താത്പര്യമെടുത്ത് പള്ളി അങ്കണത്തിൽതന്നെ കല്ലറ നിർമിക്കുകയായിരുന്നു.