പീഡനക്കേസ് പ്രതി സമ്മേളന പ്രതിനിധി; സിപിഎം ലോക്കൽ കമ്മിറ്റി അലങ്കോലപ്പെട്ടു
1458737
Friday, October 4, 2024 2:32 AM IST
തിരുവല്ല: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്നു സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കപ്പെട്ട ആളെ ലോക്കൽ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തതിനെച്ചൊല്ലി ചേരിതിരിഞ്ഞുണ്ടായ വാക്കേറ്റത്തെ തുടർന്ന് ലോക്കൽ കമ്മിറ്റി യോഗം അലങ്കോലപ്പെട്ടു.
വ്യാഴാഴ്ച ചേർന്ന തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയാണ് അലങ്കോലപ്പെട്ടത്. പീഡനക്കേസിൽ അടക്കം ഉൾപ്പെട്ട് ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ സി.സി. സജിമോനെ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തതിനെച്ചൊല്ലി ഉണ്ടായ വാക്കേറ്റതത്തത്തുടർന്നാണ് യോഗം അലങ്കോലപ്പെട്ടത്.
ജില്ലാ നേതാക്കൾ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ ആയിരുന്നു പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റം. വാക്കേറ്റം കൈയാങ്കളിയുടെ വക്കിൽ എത്തിയതോടെ യോഗം പിരിച്ചുവിടുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന കോട്ടാലി ബ്രാഞ്ച് സമ്മേളനത്തിലാണ് സജിമോനെ ലോക്കൽ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തത്. യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സിപിഎം വനിതാ നേതാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്.