ആറന്മുള വള്ളസദ്യ ഇന്നു സമാപിക്കും
1458180
Wednesday, October 2, 2024 2:58 AM IST
പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വള്ള സദ്യ വഴിപാടിന് ഇന്നു സമാപിക്കും. മന്ത്രി വീണാ ജോർജ്, പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ ഇന്നത്തെ സമാപന ചടങ്ങുകളിൽ പങ്കെടുക്കും.
കഴിഞ്ഞ ജൂലൈ 21ന് ആരംഭിച്ച വഴിപാട് വള്ളസദ്യയിൽ ഈ വർഷം 460 സദ്യകൾ ബുക്ക് ചെയ്തതിൽ 443 എണ്ണം നടന്നു. 1,35,000ഓളം പേർ സദ്യയിൽ പങ്കെടുത്തു. 16 സദ്യകൾ അടുത്ത വർഷത്തേക്ക് മാറ്റിയിട്ടുണ്ട്. സമാപനദിനത്തിൽ മല്ലപ്പുഴശേരി, കിഴക്കൻ ഓതറ - കുന്നേക്കാട്, തെക്കേമുറി, ചെറുകോൽ, വെൺപാല, ഇടനാട്, തൈമറവുംകര, തെക്കേമുറി കിഴക്ക്, എന്നീ പള്ളിയോടങ്ങളുടെ വള്ളസദ്യകളുണ്ടാകും.
കെഎസ്ആർടിസി പഞ്ചപാണ്ഡവക്ഷേത്രയാത്രയുടെ ഭാഗമായുള്ള വള്ളസദ്യയിൽ ഇതേവരെ 171 ട്രിപ്പുകൾ നടത്തി. കെഎസ്ആർടിസി ഇന്ന് 12 ബസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തും. ബജറ്റ് ടൂറിസം വഴി 8000 പേർ ഈ വർഷം പങ്കെടുത്തു. സ്പെഷൽ പാസ് മൂലം ഏഴായിരത്തോളം പേർ സദ്യയിൽ പങ്കെടുത്തു.
അടുത്തവർഷം മുതൽ കൂടുതൽ സ്പെഷൽ പാസ് നൽകുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ അറിയിച്ചു. അടുത്തവർഷത്തെ വള്ളസദ്യവഴിപാടുകർ 15 മുതൽ ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ : 8281113010, 0468 2313010.