ലൈബ്രറി കൗൺസിൽ പുസ്തകോത്സവം അഞ്ചു മുതൽ പ്രമാടത്ത്
1458178
Wednesday, October 2, 2024 2:58 AM IST
പത്തനംതിട്ട: ജില്ലാ ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പത്തനംതിട്ട പുസ്തകോത്സവം അഞ്ച്, ആറ്, ഏഴ് തീയതികളിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ എല്ലാ പ്രമുഖ പ്രസാധകരും പങ്കെടുക്കുന്ന മേളയോടനുബന്ധിച്ച് പുസ്തക പ്രകാശന ചടങ്ങുകൾ, പുസ്തക ചർച്ച, വനിതാ, ബാലസംഗമങ്ങളും നടക്കും.
അഞ്ചിനു രാവിലെ പത്തിന് കെ.യു. ജനീഷ്കുമാർ എംഎൽഎ പുസത്കോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു മുഖ്യാതിഥി ആയിരിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയൻ വായന സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് 2.30ന് കവിസമ്മേളനം കവി ഡോ സി. രാവുണ്ണി ഉദ്ഘാടനം ചെയ്യും. കോന്നിയൂർ ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും.
ആറിനു രാവിലെ 10 ന് സാംസ്കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലയിലെ മുതിർന്ന ലൈബ്രറി പ്രവർത്തകരെ ആദരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ബാലവേദി സംഗമം, തുടർന്ന് ബാലവേദി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.
ഏഴിനു രാവിലെ 10ന് നടക്കുന്ന വനിതാ സംഗമം കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രഫ. എ.ജി. ഒലീന ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാജി പി. രാജപ്പൻ മുഖ്യാതിഥിയായിരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രഫ.ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അധ്യക്ഷത വഹിക്കും. പുസ്തകോത്സവത്തിൽ നിന്ന് എല്ലാ ഗ്രന്ഥശാലകൾക്കും സ്കൂൾ, കോളജ് ലൈബ്രറികൾക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ആകർഷക മായ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാവുന്നതാണ്.
സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രഫ. ടി.കെ.ജി. നായർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ. ഗോകുലേന്ദ്രൻ, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കാശിനാഥൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.