ആക്രമണക്കേസില്‍ ഒളിവിലിരുന്ന പ്രതിയും പിടിയിൽ
1454838
Saturday, September 21, 2024 2:49 AM IST
ചേര്‍ത്തല: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അർത്തുങ്കൽ പോലീസ് പിടികൂടി. ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് തൈക്കല്‍ തറയിൽ അജിത് (ടി.എ. സെബാസ്റ്റ്യൻ-23) ആണ് പിടിയിലായത്.
ഓഗസ്റ്റ് 12ന് രാത്രി പരുത്യംപ്പള്ളി അമ്പലത്തിന് സമീപം തൈക്കൽ സ്വദേശി പള്ളിപ്പറമ്പിൽ ഷെറിൻ എന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ സെബാസ്റ്റ്യൻ. പരിക്കേറ്റ ഷെറിന്റെ സുഹൃത്തും പ്രതികളുമായി തർക്കം ഉണ്ടായതിന്റെ വൈരാഗ്യത്തിൽ ഒമ്പതോളം പേരടങ്ങുന്ന സംഘം തടിക്കഷണങ്ങളും മറ്റുമായി എത്തി ക്രൂരമായി അക്രമിക്കുകയായിരുന്നു.
തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ഷെറിൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പിടികൂടിയിരുന്നു. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ നാലാം പ്രതി സെബാസ്റ്റ്യനെ കോട്ടയം ഉല്ലല ഭാഗത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.
സിഐ പി.ജി. മധു, എസ്ഐ സജീവ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സേവ്യർ, ചേർത്തല എഎസ്പിയുടെ സ്ക്വാഡിലെ അരുൺ, പ്രവിഷ് ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.