വിഎച്ച്എസ്ഇ : മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം വടശേരിക്കര ടിടിടിഎംവി എച്ച്എസ്എസിന്
1453999
Wednesday, September 18, 2024 2:56 AM IST
വടശേരിക്കര: പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം 2023-24 ലെ സംസ്ഥാനത്തെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം വടശേരിക്കര ടിടിടിഎം വിഎച്ച്എസ്എസിന്. മികച്ച പ്രോഗ്രാം ഓഫീസറായി ഇതേ സ്കൂളിലെ ഷൈനി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം ശതാബ്ദി പിന്നിട്ട ഘട്ടത്തിൽ സ്കൂളിനും അഭിമാനമായി.
സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലൂടെ പ്രോഗ്രാം ഓഫീസറായ ഷൈനി ജോസഫ് നടത്തിയ ശ്രദ്ധേയ ഇടപെടലുകളാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെടാൻ കാരണമായത്. പത്തനതിട്ട ജില്ലയിൽ കഴിഞ്ഞ വർഷത്തെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരവും വടശേരിക്കര സ്കൂൾ യൂണിറ്റിനായിരുന്നു.
യൂണിറ്റിന്റെ 2021-24 കാലഘട്ടത്തിൽ നാടിനും സ്കൂളിനും നൽകിയ മികവുറ്റ കൈത്താങ്ങുകളെ പരിഗണിച്ചാണ് അവാർഡിന് അർഹമായത്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പണികഴിപ്പിച്ച സ്നേഹവീടുകൾ, സഹപാഠിക്കൊരുവീട്, വിവിധ മെഡിക്കൽ ക്യാമ്പുകൾ, രക്തദാന, നേത്രദാന ക്യാമ്പുകൾ, വിവിധ ലൈബ്രറികൾ, സംരംഭകത്വ പ്രോത്സാഹന പ്രവർത്തങ്ങൾ, പൈതൃക സ്വത്ത് സംരക്ഷണം,
മാലിന്യമുക്ത പ്രവർത്തനങ്ങൾ, ആദിവാസിക്ഷേമപ്രവർത്തങ്ങളുടെ ഭാഗമായി മഞ്ഞത്തോട് നിവാസികൾക്കു തൊഴിൽ പരിശീലന കേന്ദ്ര നിർമാണവും വീട് നിർമാണവും പാലിയേറ്റീവ് കെയർ പ്രവർത്തങ്ങൾ, ലഹരിവിരുദ്ധ പ്രവർത്തങ്ങൾ, ബോധവത്കരണ ക്ലാസുകൾ, പരിശീലന പരിപാടികൾ, കാർഷിക പ്രവർത്തനങ്ങൾ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ, നൈപുണി വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ നിരവധി ആളുകൾക്ക് കൈത്താങ്ങും പ്രചോദനവുമായി.
എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ സ്വപ്നങ്ങൾക്കു ചിറകേകി, അതിലൂടെ സാമൂഹിക പ്രതിബദ്ധതയും അർപ്പണബോധമുള്ള തലമുറയെ വളർത്തിയെടുക്കാനുള്ള അവസരങ്ങൾ നൽകാനായെന്ന് പ്രോഗ്രാം ഓഫീസർ ഷൈനി ജോസഫ് ചൂണ്ടിക്കാട്ടി.