അതിജീവനത്തിന്റെ ചരിത്രം തലമുറകൾക്ക് പകർന്നുനൽകണം: മാർ ജോസ് പുളിക്കൽ
1453996
Wednesday, September 18, 2024 2:51 AM IST
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 50 വർഷം സന്തോഷത്തിലും ദുഃഖത്തിലും ദൈവം തന്ന ജീവിതത്തിലൂടെ നിങ്ങൾ അതിജീവനത്തിന്റെ ചരിത്രം രചിച്ചവരാണെന്നും ഈ അതിജീവനത്തിന്റെ ചരിത്രം തലമുറകൾക്ക് പകർന്നു നൽകണമെന്നും കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ വിവാഹത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം - തണൽ 2k24 - ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ.
പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിവാഹത്തിന്റെ പ്രതിജ്ഞ ദമ്പതികൾ പുതുക്കി. ഫാമിലി അപ്പൊസ്തലേറ്റിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനകർമവും മാർ ജോസ് പുളിക്കൽ നിർവഹിച്ചു.
രൂപത മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, രൂപത ആനിമേറ്റർ സിസ്റ്റർ ജ്യോതി മരിയ സിഎസ്എൻ, ബ്രദർ ഏബ്രഹാം ചക്കാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
സുവർണജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ പ്രതിനിധികളായി ഇളങ്ങുളം ഇടവകയിൽനിന്നുള്ള പുതുപ്പള്ളിയിൽ ഏബ്രഹാം-സുശീല ദമ്പതികൾ അനുഭവം പങ്കുവച്ചു. സുവർണജൂബിലി ആഘോഷിക്കുന്ന മക്കളുടെ പ്രതിനിധിയായി ഫാ. കുര്യാക്കോസ് വടക്കേടത്ത് ആശംസകൾ നേർന്നു.
അമൽ ജ്യോതി റേഡിയോ 90 അവതരിപ്പിച്ച തണൽ വിസ്മയം കാണികൾക്ക് കൗതുകമേകി. 13 ഫൊറോനകളിൽനിന്നുമായി 250 പേർ സമ്മേളനത്തിൽ സംബന്ധിച്ചു.