അജിത് ഐസക്കിന് മാർത്തോമ്മാ മാനവസേവ അവാർഡ്
1453992
Wednesday, September 18, 2024 2:51 AM IST
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2024 ലെ മാർത്തോമ്മാ മാനവസേവ അവാർഡ് പ്രമുഖ വ്യവസായ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ബംഗളൂരു സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ഇടവകാംഗം അജിത് ഐസക്കിന് നൽകുന്നതിനു സഭാ കൗൺസിൽ തീരുമാനിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുകയും പ്രശസ്ത സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള മാർത്തോമ്മാ സഭാംഗങ്ങൾക്കു നൽകുന്ന അംഗീകാരമാണ് മാർത്തോമ്മാ മാനവ സേവാ അവാർഡ്. വ്യവസായ സംരംഭങ്ങളിലൂടെ സാമൂഹികസേവനം എന്ന മേഖലയിലെ മികച്ച പ്രവർത്തനമാണ് അവാർഡിനു പരിഗണിച്ചത്.
വ്യാവസായിക മേഖലയിലെ സേവന ദാതാക്കളിൽ മുൻപന്തിയിലുള്ള അജിത് ഐസക്ക് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉദ്ധാരണത്തിനായി ഭവനദാന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. മികവിനുള്ള അംഗീകാരമായാണ് ഈ വർഷത്തെ മാനവസേവ അവാർഡ് അജിത് ഐസക്കിന് സഭ നൽകുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.
സഭാ പ്രതിനിധി മണ്ഡലത്തിന്റെ ഭാഗമായി നാളെ തിരുവല്ല തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന യോഗത്തിൽ അവാർഡുകൾ വിതരണം ചെയ്യും.