എന്‍സിസി ദേശീയതല ക്യാമ്പ് മെഡല്‍ ജേതാക്കള്‍ക്ക് ഇന്ന് സ്വീകരണം
1453713
Tuesday, September 17, 2024 12:46 AM IST
തിരുവല്ല: എന്‍സിസി അഖിലേന്ത്യാതല സൈനിക് ക്യാമ്പിലെ ദേശീയതല മത്സര വിജയികള്‍ക്ക് ഇന്ന് സ്വീകരണം നല്‍കും. കഴിഞ്ഞ ഒന്നിന് ഡല്‍ഹി ഡിജി എന്‍സിസി ആസ്ഥാനത്ത് ആരംഭിച്ച ക്യാന്പ് 13ന് അവസാനിച്ചപ്പോള്‍ കൈ നിറയെ മെഡലുകളാണ് തിരുവല്ല 15 കേരള ബറ്റാലിയനു ലഭിച്ചത്.
കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റില്‍നിന്ന് 84 കേഡറ്റുകളാണ് ജഡ്ജിംഗ് ഡിസ്റ്റന്‍സ്, ഒബ്സ്റ്റക്കിള്‍ കോഴ്സ്, ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍, സര്‍വീസ് ഷൂട്ടിംഗ്, ടെന്റ് പിച്ചിംഗ്, ക്വിസ്, ലൈന്‍ ഏരിയ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തത്. 42 ബറ്റാലിയനുകളാണ് ഡയറക്ടറേറ്റില്‍ ഉള്ളത്. ഇതില്‍ തിരുവല്ല യൂണിറ്റ് ഏഴ് കേഡറ്റുകളെ മത്സരത്തിന് തയാറാക്കി, മത്സരാര്‍ഥികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്തി.
ചങ്ങനാശേരി എസ്ബി കോളജിലെ വര്‍ഷ ദിലീപ്, ഗൗതം എസ്. കൃഷ്ണന്, തിരുവല്ല മാര്‍ത്തോമാ കോളജിലെ പി.എസ്. അനന്തു, ജോയല്‍ എം. സജി, വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ദിയ ഫാത്തിമ, തിരുമൂലപുരം എസ്എന്‍വി എച്ച്എസ്എസിലെ നന്ദന പണിക്കര്‍, ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസിലെ നെബിന്‍ ബിനു എന്നീ കേഡറ്റുകളാണ് തിരുവല്ല ബറ്റാലിയനില്‍നിന്നു പങ്കെടുത്ത് നാല് മെഡലുകള്‍ നേടി ബറ്റാലിയനെ മുന്നില്‍ എത്തിച്ചത്.
കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ജേക്കബ് ഫ്രീമാന്റെ നേതൃത്വത്തില്‍ ഓണററി ലെഫ്റ്റനന്റ് ബിജുവും സംഘവുമാണ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയത്. ലെഫ്. ഡോ. റോബി ജോസ്, ലെഫ്. ബേസില്‍ കെ. തമ്പി, ജിസിഐ ശോഭന തുടങ്ങിയവരാണ് കേഡറ്റുകളെ അനുഗമിച്ചത്.