പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് നാലു കോടിയുടെ അറ്റകുറ്റപ്പണികള്‍
1453712
Tuesday, September 17, 2024 12:46 AM IST
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ നിലവില്‍ ഉപയോഗത്തിലുള്ള പ്രധാന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി.
നാല് കോടിയുടെ എസ്റ്റിമേറ്റാണ് നല്‍കിയിരിക്കുന്നത്. എച്ച്എംസി ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചാണ് അടിയന്തര പ്രധാന്യത്തോടെ ചെയ്യേണ്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നത്.
അത്യാഹിത വിഭാഗത്തിലെ ചോര്‍ച്ചയും ചൂടും പരിഹരിക്കുക, ബി ആന്‍ഡ് സി ബ്ലോക്കിലെ വിള്ളലുകളും ചോര്‍ച്ചയും അറ്റകുറ്റപ്പണി നടത്തി പരിഹരിക്കുക, നടപ്പാതകള്‍ കല്ലിട്ട് ശരിയാക്കുക, നടപ്പാതയ്ക്കു മുകളില്‍ ഷീറ്റിടുന്നത് തുടങ്ങിയ പണികള്‍ പൂര്‍ത്തിയാക്കും.
പുതിയ പണികളില്‍ അത്യാഹിത വിഭാഗത്തിലെ ചോര്‍ച്ചയാണ് ആദ്യം പരിഹരിക്കുക. ആശുപത്രിയില്‍ പുതിയ അത്യാഹിത വിഭാഗം പണിയുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിടം പൊളിച്ചതോടെ മുമ്പ് കോവിഡ് പരിശോധനയ്ക്കായി ഷീറ്റിട്ടു സ്ഥാപിച്ച ഭാഗത്താണ് നിലവില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നത്.
പിന്നീട് ഓരോ ഘട്ടങ്ങളിലായി ബാക്കിയുള്ളവ പൂര്‍ത്തിയാക്കും. മഴപെയ്താല്‍ അശുപത്രിയുടെ അകത്തും പുറത്തും നില്ക്കാന് കഴിയാത്ത സ്ഥിതിയാണ്. മഴയത്ത് കയറി നില്‍ക്കാനുള്ള യാതൊരു വിധ സൗകര്യങ്ങളും അശുപത്രിയുടെ പുറത്ത് ചെയ്തിട്ടില്ല. അകത്താണെങ്കില്‍ മിക്ക ഇടത്തും ചോര്‍ച്ചയും.
പുതിയ കെട്ടിടങ്ങളുടെ പണികള്‍ ആരംഭിച്ച് എട്ട് മാസത്തോളം ആശുപത്രി വികസന സമിതി യോഗം കൂടാതിരുന്നത് പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ആശുപത്രിയുടെ നിയന്ത്രണാധികാരം ജില്ലാ പഞ്ചായത്തിനു കൈമാറിയ ശേഷം വികസന സമിതി യോഗം കൂടാതിരുന്നത് രൂക്ഷമായ വിമര്‍ശനത്തിനും കാരണമായി.
ജൂലൈ 22നു യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും മന്ത്രി വീണാ ജോര്‍ജിന്റെ അസൗകര്യം കാരണം മാറ്റിവച്ചു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇല്ലാതെ യോഗം ചേരേണ്ടതില്ലെന്ന നിര്‍ദേശവും ഇതിനിടെ ഉണ്ടായി.
ആശുപത്രിയില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചതിനു പിന്നാലെയുള്ള സ്ഥലപരിമിതികളും നിലവിലെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും ഗുരുതരമായ പ്രശ്നങ്ങള്‍ക്കു കാരണമായതോടെ ഡോക്ടര്‍മാരും നഴ്സുമാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെയാണ് അടിയന്തരമായി വികസന സമിതി യോഗം കൂടാന്‍ മന്ത്രി നിര്‍ദേശിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പതിന് വികസന സമിതി യോഗം കൂടി.
യോഗത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ഒ.പി. ബ്ലോക്ക് എട്ടുമാസംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ബി ആന്‍ഡ് സി ബ്ലോക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും അത്യാഹിത വിഭാഗത്തിലെ ചൂട് ഒഴിവാക്കുന്നതിലേക്ക് എ.സി. സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനോടൊപ്പം അഞ്ച് ശൗചാലയങ്ങള്‍ കൂടി പുതുതായി നിര്‍മിക്കും.
ടിക്കറ്റ് കൗണ്ടറില്‍നിന്ന് ഒ.പി. വരെയുള്ള ഭാഗത്ത് ഷീറ്റിടാനും നടപ്പാതയില്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ കല്ലിടാനും തീരുമാനിച്ചു. പാര്‍ക്കിംഗിനായി പുതിയ സ്ഥലവും കണ്ടെത്തും.