പൊന്തന്‍പുഴ സമരസമിതിയുടെ പട്ടിണിസമരം ഇന്നു കളക്ടറേറ്റ് പടിക്കല്‍
1453408
Sunday, September 15, 2024 3:03 AM IST
പത്തനംതിട്ട: പെരുമ്പെട്ടി, പൊന്തന്‍പുഴ പട്ടയപ്രശ്നവുമായി ബന്ധപ്പെട്ട തുടര്‍ സമരം 2400 ദിനങ്ങള്‍ പിന്നിടുമ്പോഴും പ്രശ്നപരിഹാരത്തിനു ശ്രമിക്കാതെ പട്ടയം നല്‍കുന്നത് നീട്ടിവയ്ക്കാനുള്ള ശ്രമത്തിനെതിരേ തിരുവോണനാളില്‍ പത്തനംതിട്ട കളക്ടറേറ്റ് പടിക്കല്‍ പട്ടിണിസമരം നടത്താന്‍ സമരസമിതി.
പതിറ്റാണ്ടുകളായി പട്ടയത്തിനു കാത്തിരിക്കുന്ന തങ്ങള്‍ക്ക് പട്ടയം ലഭിക്കാതെ ഓണം ഉണ്ണുകയില്ല എന്ന തീരുമാനവുമായാണ് നീങ്ങുന്നത്. 2023ലെ ഓണനാളില്‍ പെരുമ്പെട്ടി വില്ലേജ് ഓഫീസിനു മുന്നില്‍ പട്ടിണിസമരം നടത്തിയിരുന്നു.
വലിയകാവ്, ആലപ്ര റിസര്‍വുകള്‍ അടങ്ങുന്ന പൊന്തന്‍പുഴ വനം സംരക്ഷിക്കുന്നതിനൊപ്പം വനമാണെന്ന തെറ്റിദ്ധാരണയില്‍ പട്ടയാവകാശം നിഷേധിക്കപ്പെട്ട 1200 കുടുംബങ്ങള്‍ക്ക് 1964ലെ കേരള ഭൂമിപതിവു ചട്ടമനുസരിച്ച് പട്ടയം നല്‍കണമെന്ന ആവശ്യവുമായാണ് പൊന്തന്‍പുഴ സമരസമിതി രംഗത്തുള്ളത്.
നിരന്തരമായ ആവശ്യങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ 2019 ല്‍ വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന ഈ പ്രദേശത്ത് നടത്തുകയും കര്‍ഷകരുടെ ഭൂമി വനപരിധിക്കു പുറത്താണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഈ സര്‍വേ അന്തിമ ഘട്ടത്തില്‍ വനംവകുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
വനത്തിന്റെ ഒറിജിനല്‍ സ്കെച്ച് ലഭ്യമായിട്ടില്ല എന്ന ന്യായമാണ് വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കോട്ടയം ഡിഎഫ്ഒയില്‍നിന്ന് ലഭിച്ച ഒറിജിനല്‍ സ്കെച്ചിന്റെ പകര്‍പ്പ് സമരസമിതി ഹാജരാക്കിയെങ്കിലും അംഗീകരിക്കാനോ സര്‍വേ പൂര്‍ത്തിയാക്കാനോ വനംവകുപ്പ് തയാറായിട്ടില്ല. സംയുക്ത സര്‍വേ നടത്തി വനപരിധിക്കു പുറത്താണെന്നു കണ്ടെത്തിയ ഭൂമിക്ക് 1964ലെ കേരള ഭൂമി പതിവ് ചട്ടം അനുസരിച്ച് പട്ടയം നല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു.
വനമാണെന്ന് തെറ്റിദ്ധാരണയില്‍ പെരുമ്പെട്ടിയിലെ കര്‍ഷകരുടെ ഭൂമിക്ക് കേന്ദ്രാനുമതിയോടെ പട്ടയം നല്‍കാനുള്ള ശ്രമങ്ങള്‍ നേരത്തേ ആരംഭിച്ചതായി നിയമസഭയില്‍ പ്രമോദ് നാരായണ്‍ എംഎല്‍എയുടെ സബ്മിഷന് റവന്യു മന്ത്രി വിശദീകരിക്കുകയും ചെയ്തതാണ്.
കര്‍ഷകരുടേത് ഭൂമി കൈയേറ്റമല്ലെന്നും വനം അല്ലാത്തതിനാല്‍ ഈ നടപടി അനാവശ്യമാണെന്നും 1964 ലെ പതിവുപ്രകാരമുള്ള പട്ടയത്തിന് അര്‍ഹതയുണ്ടെന്നും സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. സംസ്ഥാനത്തു നടക്കുന്ന ഡിജിറ്റല്‍ റീസര്‍വേയില്‍ പെരുമ്പെട്ടിയെ മുൻഗണന നല്കി ഉള്‍പ്പെടുത്തുവാനുള്ള തീരുമാനവും ഇതിന്റെ ഭാഗമായിരുന്നു.
വനഭൂമി സുരക്ഷിതം, കര്‍ഷകന്റെ ഭൂമിക്കുമേലും കുറിപ്പ്
പെരുമ്പെട്ടി റാന്നി അങ്ങാടി ചേതക്കല്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ടുവരുന്ന 1771 ഏക്കര്‍ ഭൂമിയാണ് വിജ്ഞാപന പ്രകാരം വലിയകാവ് വനത്തിന്റെ അളവ്. ഇത് നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഡിജിറ്റല്‍ സര്‍വേ പ്രഥമ പരിഗണന നല്‍കിയത്. വിജ്ഞാനപ്രകാരമുള്ള വനഭൂമി മുഴുവന്‍ വനം വകുപ്പിന്റെ ജണ്ടകള്ക്കുള്ളില് സുരക്ഷിതമാണെന്ന് ഡിജിറ്റല്‍ റീസര്‍വേയിലൂടെ വ്യക്തമായി.
കര്‍ഷകരുടെ ഭൂമി വനത്തില്‍ ഉള്‍പ്പെടുന്നില്ലെന്നു തെളിഞ്ഞുവെങ്കിലും റിസര്‍വ് ഫോറസ്റ്റ് എന്ന കുറിപ്പ് പകുതിയോളം കര്‍ഷക ഭൂമിക്കുമേല്‍ ഇപ്പോഴുമുണ്ട്. ഇതു മാറ്റാന്‍ ഡിജിറ്റല്‍ സര്‍വേ ജീവനക്കാര്‍ക്കാകുന്നില്ല.
1994ല്‍ ഈ പ്രദേശത്ത് പൂര്‍ത്തിയായ റീസര്‍വേയില്‍ തയാറാക്കിയ അടിസ്ഥാന നികുതി രജിസ്റ്റര്‍ (ബിടിആര്‍) പ്രകാരം പെരുമ്പെട്ടിയിലെ 512 പട്ടയരഹിതരായ കര്‍ഷകരുടെ ഭൂമി പ്രശ്നം വീണ്ടും സങ്കീര്‍ണതകളിലേക്കു നീങ്ങുമോയെന്ന ആശങ്ക വീണ്ടും ഉടലെടുത്തു.
പഴയ രേഖകള്‍ അതേപടി പകര്‍ത്താനാണെങ്കില്‍ ഒരു പുതിയ ഡിജിറ്റല്‍ റീസര്‍വേ എന്തിനു നടത്തിയെന്ന ചോദ്യവുമായി കര്‍ഷകര്‍ രംഗത്തുണ്ട്. സ്ഥലപരിശോധനയില്‍ കണ്ടെത്തിയ പ്രകാരം തങ്ങളുടെ ഭൂമി വനത്തിന്റെ ഭാഗമല്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ നിലവിലെ കൈവശക്കാരുടെ പേരില്‍ ഭൂമി ചേര്‍ത്തു നല്‍കണമെന്നതാണ് ആവശ്യം.
വനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ 94ലെ റീസര്വയില് കര്‍ഷകരെ ബലിയാടുകളാക്കുകയായിരുന്നുവെന്നു സമരസമിതി ചൂണ്ടിക്കാട്ടുന്നു.
1592.5 ഏക്കറാണ് പെരുമ്പെട്ടിയിലെ പഴയ സര്‍വേ 283/1 ല്‍ പെട്ട ആകെ ഭൂമി. ഇതില്‍ 1335 ഏക്കര്‍ വനഭൂമിയാണ്. ഈ ഭൂമിക്ക് വനം എന്ന വിവരണം ഡിജിറ്റല്‍ റീസര്‍വേയില്‍ നല്‍കണം. അങ്ങനെ വനഭൂമിയുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് വനത്തിന് പുറത്തുള്ള കര്‍ഷകരുടെ ഭൂമിയുടെ രേഖയില്‍നിന്ന് റിസര്‍വ് ഫോറസ്റ്റ് എന്നതു മാറ്റിത്തരണമെന്നാണ് ആവശ്യം.