ഓണം ഇവര്‍ക്കു പട്ടിണിയാകുമോ... ഓണമെത്തിയിട്ടും വേതനമില്ല; അധ്യാപകരുൾപ്പെടെ പ്രതിസന്ധിയിൽ
1453407
Sunday, September 15, 2024 3:03 AM IST
പത്തനംതിട്ട: ഓണമെത്തിയിട്ടും വേതനം ലഭിക്കാതെ ബുദ്ധിമുട്ടിലായവരില്‍ അധ്യാപകരുള്‍പ്പെടെയുള്ളവര്‍. എയ്ഡഡ് സ്കൂളുകളില്‍ സ്ഥിരനിയമനം നടക്കാതെ വന്നതോടെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ ശമ്പളമാണ് ഇനി ലഭിക്കാത്തത്.
അധ്യയനം ആരംഭിച്ച് ഒരു ടേം പിന്നിട്ടിട്ടും അവരുടെ ശമ്പളം നല്‍കിയിട്ടില്ല. ഇവരില്‍ പലരും കഴിഞ്ഞ അധ്യയനവര്‍ഷവും അതിനു മുമ്പുമൊക്കെ ഇതേ സ്കൂളുകളില്‍ ജോലി നോക്കിയവരാണ്. പക്ഷേ സര്‍വീസ് ബ്രേക്ക് ആയെന്ന കാരണത്താല്‍ പുതിയ നിയമനം അംഗീകരിച്ചെങ്കില്‍ മാത്രമേ ശമ്പളം നല്കാനാകൂവെന്നാണ് വ്യവസ്ഥ.
ദിവസവേതനത്തിനാണ് അധ്യാപകരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. ഹാജരാകുന്ന അധ്യയനദിനം കണക്കാക്കിയാണ് ശമ്പളം നല്‍കുന്നത്. ഹൈസ്കൂളുകളില്‍ നിയമനം ഡിഇഒയും പ്രൈമറി സ്കൂളുകളില്‍ എഇഒയുമാണ് നിയമനം അംഗീകരിക്കേണ്ടത്. എന്നാല്‍ വിദ്യാഭ്യാസ ഓഫീസുകളില്‍ ഇക്കാര്യത്തില്‍ ഫയല്‍ നീക്കം മന്ദഗതിയിലാണ്.
നിശ്ചിത യോഗ്യതയുള്ളവരെയാണ് അധ്യാപകരായി മാനേജ്മെന്റുകള്‍ നിയമിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കി അംഗീകാരം നല്‍കുകയെന്ന ജോലി മാത്രമാണ് വിദ്യാഭ്യാസ ഓഫീസുകളില്‍ അവശേഷിക്കുന്നത്. ഇതു നടപ്പാക്കാന്‍ പലയിടത്തും മാസങ്ങള്‍ വേണ്ടിവരുന്നു.
ജില്ലയില്‍ പല വിദ്യാഭ്യാസ ഓഫീസുകളും എഇഒമാര്‍ ഇല്ലെന്ന കാരണത്താലും ഫയല്‍ മടക്കിവച്ചിരിക്കുകയാണ്. വിദൂരങ്ങളില്‍നിന്നും മറ്റും കൈയിലെ പണം മുടക്കി സ്കൂളിലെത്തി ക്ലാസെടുത്തു മടങ്ങുന്നവരാണ് ഈ അധ്യാപകര്‍.
അര്‍ഹരായവരുടെ റേഷന്‍ എത്തിച്ചു, വിതരണക്കാരുടെ കമ്മീഷന് മാത്രം ഇല്ല
ഓണത്തിനു റേഷന്‍ വ്യാപാരികളെ ഇത്തവണയും കബളിപ്പിച്ചു. വിതരണം ചെയ്ത അരിയുടെ കമ്മീഷന് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കോവിഡ് കാലത്തെ മുതലുള്ള കമ്മീഷനുകള്‍ നല്‍കാതെ ബാക്കിയാണ്. ഇതിനു പിന്നാലെയാണ് ഓരോ സ്പെഷല്‍ സീസണിലും അരിയും മറ്റു റേഷന്‍ സാധനങ്ങളും നല്കുന്നതിലൂടെയുള്ള കമ്മീഷനും കുടിശികയായി മാറുന്നത്. ഇക്കുറി ഓണത്തിനു മുമ്പായി അരി വിതരണം പൂര്‍ത്തിയാക്കിയതാണ്.
കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്കുന്ന അരിയുടെ വിതരണത്തിന് കമ്മീഷന് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അരി വിതരണത്തിലുണ്ടാകുന്ന ചെലവുകളും റേഷന്‍കടകളുടെ നടത്തിപ്പുമെല്ലാം ഇതിലൂടെ കണ്ടെത്തണം. കമ്മീഷനുകള്‍ വൈകിപ്പിക്കുന്നതോടെ പ്രതിസന്ധിയിലാകുയാണ് റേഷന്‍ വ്യാപാരികള്‍.