നാണയപ്പൂക്കളമിട്ട് വയനാടിനൊപ്പം മനസ്: പ്രമാടം നേതാജിയുടെ കരുതലോണം
1453183
Saturday, September 14, 2024 2:54 AM IST
പ്രമാടം: ഓണാഘോഷത്തിലും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വയനാടിനെ മറന്നില്ല. ഓണപൂക്കളത്തോടൊപ്പം അവർ സമാഹരിച്ച പത്ത് രൂപയുടെ നാണയത്തുട്ടുകൾകൊണ്ട് സ്കൂളിന്റെ പൂമുഖത്ത് പതിവായി ഇടാറുള്ള പൂക്കളത്തിനു പകരം അധ്യാപികമാർ നാണയപ്പൂക്കളമിട്ടു.
വയനാട്ടിലെ വെള്ളാർമല സ്കൂളിലെ കൂട്ടുകാരുടെ സങ്കടമൊപ്പാൻ വേണ്ടിയാണ് വിദ്യാർഥികൾ നാണയ സമാഹരണം നടത്തിയത്.
എല്ലാ വിദ്യാർഥികളും കരുതലോണം യജ്ഞത്തിൽ പങ്കെടുത്തു. വെള്ളാർമല സ്കൂളിലേക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ വാങ്ങിക്കാനാണ് ഈ നാണയത്തുട്ടുകളുടെ കരുതൽ. പിറ്റിഎ പ്രസിഡന്റ് ഫാ. ജിജി തോമസിന്റെ അധ്യക്ഷതയിൽ ചലച്ചിത്ര നടൻ കോബ്രാ രാജേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.