കുടുംബശ്രീയുടെ ചെണ്ടുമല്ലി തോട്ടം പൂത്തുലഞ്ഞു
1453182
Saturday, September 14, 2024 2:54 AM IST
റാന്നി: ഓണപ്പൂക്കളങ്ങൾ കൊഴുപ്പിക്കാൻ ഇക്കുറി നിറയെ പൂവുമായി കുടംബശ്രീയും. നാറാണംമൂഴി പഞ്ചായത്ത് 13-ാം വാർഡിലെ ജെഎൽജെ ഗ്രൂപ്പ് കുടുംബശ്രീ യൂണിറ്റാണ് ഓണത്തിന് നാട്ടിലെ പൂക്കളങ്ങൾക്ക് കൂടുതൽ മിഴിവേകാൻ ചെണ്ടുമല്ലി (ബെന്തി ) പൂക്കളുടെ കലവറ തുറന്നത്.
പൊന്നമ്പാറ വാർഡിൽ വാർഡംഗം റെനി വർഗീസിന്റെ നേതൃത്വമാണ് അംഗങ്ങൾക്ക് കൂടുതൽ പ്രചോദനമായത്. മറുനാടൻ പൂക്കളുടെ കടന്നുകയറ്റത്തിന് തടയിടാൻകൂടിയാണ് ഇക്കുറി പൂകൃഷി ആരംഭിച്ചതെന്നും അംഗങ്ങൾ പറഞ്ഞു.
പൂക്കളുടെ വിളവെടുപ്പുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർ പേഴ്സൺ ബിന്ദു നാരായണൻ , വാർഡ് മെംബർ റെനി വർഗീസ്, അഗ്രി സിആർപി - എഡിഎസ് ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വീടുകൾ, സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും പൂക്കളങ്ങൾക്കായി പൂവാങ്ങി കൃഷിക്കാരെ പ്രോത്സാഹിപ്പിക്കണമെന്നതാണ് ഇവരുടെ ആവശ്യം.