കുടുംബശ്രീ ഓണം വിപണനമേളയില്‍ തിരക്കേറി
1453181
Saturday, September 14, 2024 2:54 AM IST
പത്തനംതിട്ട: മികവിന്റെ അടയാളപ്പെടുത്തലുമായി പത്തനംതിട്ടയില്‍ തുടങ്ങിയ കുടുംബശ്രീ സംസ്ഥാനതല ഓണം വിപണയില്‍ തിരക്കേറി. ഗുണനിലവാരമുള്ള സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതാണ് മുഖ്യ ആകര്‍ഷണം. നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പടെ രുചിയിലും വിഭവങ്ങള്‍ നിറയുന്ന ഭക്ഷണത്തിനും പ്രിയമേറെ. ഉത്പന്ന വൈവിധ്യത്തിന്റെ മേളയില്‍ കാഴ്ചയുടെ വിരുന്ന് കാണാൻ തന്നെ ഒട്ടേറെപ്പേർ എത്തുന്നുണ്ട്.
മേളയുമായി ബന്ധപ്പെട്ട് ആരോഗ്യവും സാമൂഹ്യലിംഗപദവിയും വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനം കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജിജി മാത്യു അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, കില റിസോഴ്സ് പേഴ്സണ്‍ കെ. ജി. ശശികല, നാഷണല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ജെന്‍ഡര്‍ ഇന്റഗ്രേഷന്‍ മോഡറേറ്റര്‍ സോയാ തോമസ്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെംബർ ഷാന്‍ രമേശ് ഗോപന്, തിയറ്റര്‍ ആര്‍ട്ടിസ്റ്റ് നീലാംബരി എസ്. ബിജി, നൂട്രിഷ്യനിസ്റ്റ് ഡോ. ഉഷ പുതുമന തുടങ്ങിയവര്‍ പങ്കെടുത്തു.
മാധ്യമപ്രവര്‍ത്തക ബിനിയ ബാബുവിനെ എംഎല്‍എ ആദരിച്ചു. കേരളത്തലെ ആദ്യ ആംബുലന്‍സ് സ്ത്രീഡ്രൈവര്‍ ദീപ മോഹനനെ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി ആദരിച്ചു. പന്തളം കോയിപ്രം ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടിക ളും അരങ്ങേറി.
ബഡ്സ് സ്കൂള്‍ കുട്ടികളുടെ കലാവിരുന്നും മജിസ്റ്റിക്മ്യൂസിക് ഷോയും നടന്നു. മലയാളിമങ്ക മത്സരവും, മാലിന്യമുക്ത നവകേരളം സംരംഭം സാധ്യതകള്‍ വിഷയത്തിലുള്ള സെമിനാറും നടക്കും. പ്രമോദ് നാരായൺ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ മന്ത്രി ഡോ. തോമസ് ഐസക് മുഖ്യഅവതരണം നടത്തും.
വിവിധ കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ബാലസഭ ഓക്സലറി അംഗങ്ങളുടെ വിവിധ കലാപരിപാടികളും നാടന്‍പാട്ടും അനുബന്ധമായുണ്ടാകും.