പരിസ്ഥിതിലോല മേഖലയുടെ പേരിൽ കുടിയൊഴിപ്പിക്കൽ പാടില്ല: ഇൻഫാം ഭീമ ഹർജിയിലേക്ക് ഒപ്പുശേഖരണം തുടങ്ങി
1452654
Thursday, September 12, 2024 3:19 AM IST
റാന്നി: പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽപ്പെടുത്തി ആളുകളെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢ നീക്കത്തിനെതിരേ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പു ശേഖരണം ഇൻഫാമിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
ആക്രമണകാരികളായ വന്യജീവികളെപോലും തടയാതെ സംരക്ഷിച്ചുവിട്ട് വനാതിർത്തികളിലെയും പുറത്തെയും കർഷക കുടുംബങ്ങളടക്കം പതിനായിരക്കണക്കിനാളുകളുടെ നിലനില്പിനു കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കവും നടക്കുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽനിന്ന് കാട്ടുമൃഗ ശല്യംമൂലം വീടുപേക്ഷിച്ചും വനംവകുപ്പ് നിശ്ചയിക്കുന്ന നിസാരവിലയ്ക്കു സ്ഥലം നൽകിയിട്ടുപോകാൻ കർഷക കുടുംബങ്ങൾ നിർബന്ധിതരാകുകയാണ്.
ആസൂത്രിതമായ ഗൂഢാലോചനയാണിതിനു പിന്നിലെന്നാണ് കർഷകർ പറയുന്നത്. ഇഎസ്എ അതിർത്തി മാപ്പിംഗിൽ സർക്കാർ, ഉദ്യോഗസ്ഥ തലങ്ങളിൽ കള്ളക്കളി നടന്നിട്ടുണ്ടെന്നാണ് കർഷകരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ പാർട്ടികൾപോലും വിഷയത്തിൽ ശക്തമായ നിലപാടുകൾ കൈക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം.
അതിർത്തി നിർണയത്തിൽ വ്യക്തത വരുത്തുമെന്നും ജനവാസ മേഖലയെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഇടയ്ക്കു പ്രഖ്യാപനമുണ്ടായെങ്കിലും വീണ്ടും കാര്യങ്ങൾ മാറി മറിഞ്ഞു. ജനപ്രതിനിധികളുടെയോ സംസ്ഥാന സർക്കാറിന്റെയോ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായതുമില്ല. സ്ഥലം പഞ്ചായത്ത് പ്രസിഡന്റുമാർ സ്വീകരിച്ച നിലപാടുകൾപോലും മേൽത്തട്ടിലുള്ള ജനപ്രതിനിധികൾ ഈ വിഷയത്തിൽ എടുത്തിട്ടില്ലെന്നാണ് പ്രദേശവാസികൾ ഉന്നയിക്കുന്ന ആക്ഷേപം .
ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കം
സംസ്ഥാനത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ ജീവിതം നേരിട്ടു ദുരിതപൂർണമാക്കുന്ന നീക്കമാണെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. സർക്കാരും ജനപ്രതിനിധികളും രാഷട്രീയ നേതാക്കളും കക്ഷിഭേദമില്ലാതെ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി, സംസ്ഥാന സർക്കാർ, എംപി, എംഎൽഎമാർ എന്നിങ്ങനെ വിവിധ തലങ്ങളിൽ സമർപ്പിക്കാനുള്ള ഭീമ ഹർജിയുടെ ഒപ്പുശേഖരണമാണ് ഇൻഫാമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.