ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റയാൾ മരിച്ചു
1452389
Wednesday, September 11, 2024 3:08 AM IST
അടൂർ: ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു. അടൂർ പന്നിവിഴ പുളിവിളയിൽ പി.ജി.സുരേന്ദ്രനാണ് (49) മരിച്ചത്. ഒപ്പം സഞ്ചരിച്ച മകൾ വൈഗാ സുരേന്ദ്രനും ഓട്ടോറിക്ഷാ ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപതിന് അടൂർ എംസി റോഡിൽ മോഡേൺ വേ ബ്രിഡ്ജിനു സമീപത്തായിരുന്നു അപകടം. ഈ ഭാഗത്തുള്ള വലിയ കുഴിയിലാണ് ഓട്ടോറിക്ഷ ചാടിയതും നിയന്ത്രണം വിട്ട് മറിഞ്ഞതും.
അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയെ പന്നിവിഴയിലുള്ള വീട്ടിൽ കൊണ്ടാക്കിയ ശേഷം മകളെ കിളിവയലിലെ ഭാര്യാവീട്ടിൽ കൊണ്ടുവിടാൻ പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ റോഡിന് നടുവിൽ തലകീഴായി മറിഞ്ഞു. ഈ സമയം സുരേന്ദ്രനും മകളും പുറത്തേക്ക് തെറിച്ചു വീണുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
പരിക്കേറ്റ സുരേന്ദ്രനെ നാട്ടുകാർ ഉടൻതന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. വെൽഡിംഗ് തൊഴിലാളിയായിരുന്നു സുരേന്ദ്രൻ. ഭാര്യ: അമ്പിളി. മകൻ: വൈഷ്ണവ്.