കെഐപി ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1452387
Wednesday, September 11, 2024 3:08 AM IST
പത്തനംതിട്ട: കല്ലട ജലസേചന പദ്ധതിയുടെ വലതുകര ചെയിനേജ് ഇടതു ബണ്ടിനോടു ചേർന്ന് സ്വകാര്യ വ്യക്തി കനാൽ ഭൂമി കൈയേറിയെന്ന് അടൂർ കെഐപി കണ്ടെത്തിയ സാഹചര്യത്തിൽ കൈയേറ്റം ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കനാൽ ഭൂമിയിലെ മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനിൽ പരാതി നൽകിയ വ്യക്തി കനാൽ ഭൂമി കൈയേറിയെന്നാണ് കെഐപി കണ്ടെത്തിയത്.
സർക്കാർ ഭൂമി ആര് കൈയേറിയാലും ഒഴിപ്പിക്കാനുള്ള അധികാരവും ബാധ്യതയും റവന്യു വകുപ്പിനുണ്ടെന്നും കമ്മീഷൻ അംഗം വി.െ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കനാൽ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാർഗതടസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ സ്വദേശി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കനാൽ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ലേലം ചെയ്ത് വഴി തടസം ഒഴിവാക്കാൻ സ്വീകരിക്കുന്ന നടപടികൾ അടിയന്തരമായി നടപ്പിലാക്കാനും കമ്മീഷൻ നിർദേശിച്ചു.
പരാതിക്കാരന്റെ കാർഷെഡിന്റെ ഒരു ഭാഗവും പടിഞ്ഞാറുഭാഗത്തെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കനാൽ ഭൂമിയിലാണെന്നും കനാൽ വക സർവേക്കല്ല് പരാതിക്കാരന്റെ കാർഷെഡിലാണെന്നും ബോധ്യപ്പെട്ടതായി കെഐപി അധികൃതർ കമ്മീഷനെ അറിയിച്ചു.
അടൂർ കെഐപി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സ്വീകരിച്ചു വരുന്ന നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ താൻ ഭൂമി കൈയേറിയിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.