തദ്ദേശ അദാലത്ത്: 573 പരാതികൾ തീർപ്പാക്കി
1452373
Wednesday, September 11, 2024 2:54 AM IST
പത്തനംതിട്ട: പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ജില്ലാതല തദ്ദേശ അദാലത്തിൽ രജിസ്റ്റർ ചെയ്ത 819 പരാതികളിൽ 573 എണ്ണം തീർപ്പാക്കി. ഇതിൽ 446 എണ്ണം അനുകൂലമായി തീർപ്പാക്കി. 127 പരാതികൾ നിരസിച്ചു. നേരത്തേ രജിസ്റ്റർ ചെയ്ത 819 എണ്ണവും തത്സമയം ലഭിച്ച 244 ഉം ചേർത്ത് 1063 പരാതികളാണ് അദാലത്തിലെത്തിയത്.
തുടർനടപടികൾക്കായി 490 എണ്ണം മാറ്റി. ഇവ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിച്ച് അപേക്ഷകരെ വിവരം അറിയിക്കും. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വർഷങ്ങളായി കെട്ടിക്കിടന്ന പരാതികളാണ് അദാലത്തിൽ ഏറെയും പരിഗണിച്ചത്.
ഇവയിൽ പലതും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളായിരുന്നു. കെട്ടിടങ്ങളുടെ ക്രമവത്കരണം ഉൾപ്പെടെയുള്ള പരാതികളാണ് അദാലത്തിൽ ഏറെയും എത്തിയത്. പഞ്ചായത്തുകളും നഗരസഭകളും ഇടപെടേണ്ട പൊതുവിഷയങ്ങളെ സംബന്ധിച്ചു പരാതികളും നിർദേശങ്ങളും അദാലത്തിലുണ്ടായി.
തുമ്പമൺ മാർത്തോമ്മ ഇടവകയ്ക്ക് ആശ്വാസമേകി തദ്ദേശ അദാലത്ത്
തുമ്പമൺ മുട്ടം ശാലോം മാർത്തോമ്മ ഇടവകയ്ക്ക് തദ്ദേശ അദാലത്ത് ആശ്വാസമായി. പണി പൂർത്തീകരിച്ച് എട്ടു വർഷത്തോളമായ പള്ളിക്കെട്ടിടത്തിന്റെ നിർമാണം ക്രമവത്കരിച്ച് നമ്പർ ലഭിക്കുന്നതിനാണ് ഇടവക വികാരിയായ റവ. ജെയ് വർഗീസ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ പങ്കെടുത്തത്.
പരാതി പരിശോധിച്ച മന്ത്രി എം. ബി. രാജേഷ് ഒരു മാസത്തിനുള്ളിൽ തന്നെ കെട്ടിടനമ്പർ നിയമാനുസൃതം നൽകണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതോടെ വികാരിയും ഇടവക അംഗങ്ങളും വർഷങ്ങളായുള്ള തങ്ങളുടെ ആവലാതിക്ക് പരിഹാരം ലഭിച്ച ആശ്വാസത്തിലാണ്.
പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പായും കോവിഡ് മഹാമാരിയുടെ കാലത്ത് ഫസ്റ്റ് ലൈൻ ഫെസിലിറ്റേഷൻ സെന്ററായും പ്രവർത്തിച്ച പള്ളിക്കെട്ടിടത്തിന്റെ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതിൽ വികാരി റവ. ജെയ് വർഗീസ് സന്തോഷമറിയിച്ചു.
പുരയിട മധ്യത്തിലൂടെയുള്ള പൊതുവഴി മാറ്റും
പുരയിടത്തെ രണ്ടായി മുറിച്ച് കടന്നുപോകുന്ന പൊതുവഴി മാറ്റിസ്ഥാപിക്കണമെന്ന വീട്ടമ്മയുടെ പരാതിയിൽ അനുകൂല തീരുമാനം. തന്റെ ഉടമസ്ഥതയിലുള്ള നാല് സെന്റ് പുരയിടത്തിനെ രണ്ടായി നെടുകെ മുറിച്ചു കടന്നുപോകുന്ന മുനിസിപ്പാലിറ്റി റോഡ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവല്ല സ്വദേശി അമ്മിണി ഗോപാലൻ തദ്ദേശ അദാലത്തിലെത്തിയത്.
പുരയിടത്തിന്റെ നടുവിലൂടെ റോഡ് കടന്നുപോകുന്നതിനാൽ വീട് റോഡിന്റെ ഒരു വശത്തും നിത്യേന വെള്ളമെടുക്കുന്ന കിണറും മറ്റും മറുവശത്തും വന്നതോടെ അമ്മിണിയുടെ ദൈനംദിന ജീവിതം ദുരിതത്തിലായിരുന്നു.
പരാതിക്കാരിയുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അടിയന്തരമായി റോഡ് മാറ്റി നിർമിക്കാൻ മന്ത്രി തിരുവല്ല നഗരസഭയ്ക്കു നിർദേശം നൽകി. പന്തളം മുനിസിപ്പാലിറ്റിയിലെ വ്യാപാര വ്യവസായി എകോപനസമിതി അംഗങ്ങൾ, ബിൽഡിംഗ് ഓണെഴ്സ് എന്നിവർ സമർപ്പിച്ച പരാതികൾക്കും അദാലത്തിൽ പരിഹാരമായി.
സമാന സ്വഭാവമുള്ള 187 പരാതികളാണ് ഒറ്റയടിക്ക് തീർപ്പായത്. 2024 മാർച്ച് 31 വരെ കാലാവധിയുള്ള ട്രേഡ് ലൈസൻസുകൾ, ഈ കാലയളവിനുള്ളിൽ കെട്ടിട ക്രമവത്കരണ നടപടികൾ പൂർത്തിയാക്കാമെന്ന വ്യവസ്ഥയിൽ പുതുക്കി നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 30 വരെ പലിശ ഇളവും നൽകും.
വിമുക്തഭട ഭവനുകൾക്ക് നികുതി ഇളവ്
വിമുക്തഭടന്മാരുടെ ഐക്യത്തിനും ബോധവത്കരണ പരിപാടികൾക്കും മറ്റ് പരിപാടികൾക്കും വേണ്ടി നിർമിച്ചിട്ടുള്ള വിമുക്തഭട ഭവൻ കെട്ടിടങ്ങളുടെ നികുതി പുനർ നിർണയിച്ച് അദാലത്തിൽ തീരുമാനമായി. സംസ്ഥാനത്താകെയുള്ള എക്സ് സർവീസ് ലീഗിനന്റെ കെട്ടിടങ്ങൾക്ക് ഈ തീരുമാനം ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കും.
ഇതോടെ ഗ്രാമ പഞ്ചായത്തുകളിൽ 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് ചതുരശ്രമീറ്ററിന് 70 രൂപ എന്ന നിരക്കിൽ ഈടാക്കിയിരുന്ന കെട്ടിട നികുതി ചതുരശ്ര മീറ്ററിന് 40 രൂപയായി കുറയും. മുൻസിപ്പാലിറ്റികളിൽ ഇത് 80 രൂപയെന്നത് 60 രൂപയായി കുറയും.
വിമുക്തഭടന്മാരുടെ ഒത്തുചേരലുകൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന എക്സ് സർവീസ് ലീഗിന്റെ കെട്ടിടങ്ങൾക്ക് വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം എന്ന ഗണത്തിൽ പെടുത്തിയാണ് തദ്ദേശ സ്ഥാപനങ്ങൾ നികുതി ഈടാക്കിയിരുന്നത്.
എന്നാൽ വാണിജ്യ ഗണത്തിൽനിന്ന് അസംബ്ലി ഉപയോഗത്തിലേക്കു നികുതി പുനർനിർണയിക്കാൻ അദാലത്തിൽ ഉത്തരവിട്ടു. സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്വന്തമായി ഓഫീസ് കെട്ടിടങ്ങളുള്ള സംഘടനക്ക് ഭീമമായ തുകയാണ് നികുതി ഇനത്തിൽ വർഷംതോറും ഈടാക്കേണ്ടി വന്നിരുന്നത്. എക്സ് സർവീസസ് ലീഗ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ടി. പദ്മകുമാർ സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം.
പന്തളം നഗരസഭയിലെ പരാതികൾ പരിശോധിക്കും
പന്തളം നഗരസഭയിെ പരാതികൾ പരിശോധിച്ച് സർക്കാർ തലത്തിൽ നടപടികൾ ആവശ്യമെങ്കിൽ ഒരു മാസത്തിനകം ശിപാർശ സമർപ്പിക്കുവാൻ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറെ മന്ത്രി രാജേഷ് ചുമതലപ്പെടുത്തി. 2014 ലെ ക്രമവത്കരണ ചട്ടങ്ങൾ പ്രകാരം സമർപ്പിക്കുന്ന അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ സെക്രട്ടറി തലത്തിൽ പരിഹരിക്കപ്പെടാത്ത അപേക്ഷകൾ ജില്ലാ തലത്തിൽ പരിഗണിക്കും.
നെടുന്പ്രം പുതുവൽ പ്രദേശം ഇനി തലവടി ഗ്രാമപഞ്ചായത്തിൽ
തിരുവല്ല താലൂക്കിലെ നെുമ്പ്രം ഗ്രാമപഞ്ചായത്തിലെ 27 കുടുംബങ്ങൾ ഇനി മുതൽ ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലാകും. പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ തെറ്റായി ഉൾപ്പെട്ട 27 കുടുംബങ്ങളെയാണ് തലവടി ഗ്രാമപഞ്ചായത്തിലേക്ക് മാറ്റിയത്.
മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല തദ്ദേശ അദാലത്തിലെ ആദ്യ തീരുമാനമായിരുന്നു ഇത്. ഇതു സംബന്ധിച്ച ഉത്തരവ് മന്ത്രി അദാലത്തിൽ നെടുമ്പ്രം സ്വദേശികൾക്ക് കൈമാറിയാണ് മന്ത്രി അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഈ കുടുംബങ്ങളുടേത് ഉൾപ്പെടെ 29 വീടുകൾ നെടുമ്പ്രം പഞ്ചായത്തിന്റെ പതിമുന്നാം വാർഡിലെ വസ്തു നികുതി നിർണയ രജിസ്റ്ററിൽ നിന്നും ഒഴിവാക്കി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ വസ്തുനികുതി നിർണയ രജിസ്റ്ററിൽ ഉൾപ്പെടുത്തുകയെന്ന സങ്കീർണമായ പ്രശ്നത്തിനാണ് ഇന്നു പരിഹാരമായത്.
30 വർഷമായി നിലനിന്ന ആവശ്യത്തിനാണ് അദാലത്തിലൂടെ പരിഹാരമായത്. തങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷ സൂചകമായി നെടുമ്പ്രം സ്വദേശികൾ അദാലത്തിൽ മന്ത്രി എം.ബി. രാജേഷിനെ പൊന്നാട അണിയിച്ചു.
ഒരു ജനതയുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചതെന്നും പൊതുജങ്ങളുടെ ഹിതം അറിഞ്ഞു പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി പറഞ്ഞു.
നെടുമ്പ്രം പ്രദേശത്തെ 29 കെട്ടിടങ്ങൾ മണിമലയാറിന്റെ മറുകരയിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ വീടുകൾ ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുത്തണമെന്ന നെടുമ്പ്രം, തലവടി ഗ്രാമപഞ്ചായത്തുകളുടെ ആവശ്യത്തിനാണ് മന്ത്രി തീർപ്പ് കല്പിച്ചിരിക്കുന്നത്.
മണിമലയാറിന്റെ മറുകരയിലായതിനാൽ നെടുമ്പ്രം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ ഈ കുടുംബങ്ങളിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഈ മേഖലയിലേക്ക് എത്തിക്കുന്നതിനും കാലതാമസം ഉണ്ടാകുമായിരുന്നു.
ഇത്തരം പ്രശ്നങ്ങൾക്കെല്ലാം അദാലത്തിലൂടെ പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് പ്രദേശ നിവാസികൾ.