സുബല പാർക്കിന് വീണ്ടും ജീവൻ വയ്ക്കുമോ...? ആദ്യഘട്ടം ഉടനെന്ന് മന്ത്രി ഒ.ആർ. കേളു
1452104
Tuesday, September 10, 2024 3:11 AM IST
പത്തനംതിട്ട: പതിറ്റാണ്ടു പിന്നിട്ട പത്തനംതിട്ട സുബല പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. പത്തനംതിട്ട നഗരത്തിലെ സുബല പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ മൂന്നു മാസത്തിനുള്ളിലുണ്ടാകുമെന്ന് മന്ത്രി ഒ.ആർ. കേളു.
1995-ൽ ആരംഭിച്ച പദ്ധതിയാണ് സുബല പാർക്കിന്റേത്. വിവിധ സർക്കാരുകളുടെ കാലഘട്ടത്തിൽ പദ്ധതി പുനരവലോകനം നടത്തുകയും പുതിയ നിർദേശങ്ങൾ ഉണ്ടാകുകയും ചെയ്തുവെങ്കിലും പൂർത്തീകരണ ഘട്ടത്തിലെത്തിയിട്ടില്ല. പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് സുബല പാർക്ക്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുവേണ്ടി ആവിഷ്കരിക്കപ്പെട്ട സുബല പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനു വേണ്ട നടപടികൾ കൈകൊള്ളണമെന്ന് ഇന്നലെ പത്തനംതിട്ടയിൽ നടന്ന വകുപ്പുതല അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജും ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് സുബല പാർക്ക് സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും അതു നടന്നില്ല. ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തേത്തുടർന്നാണ് ആദ്യഘട്ടം മൂന്നുമാസത്തിനുള്ളിൽ ആരംഭിക്കാൻ നിർദേശമുണ്ടായത്.
പദ്ധതികളുടെ പുരോഗതി വിലയിരുത്തണം
പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ഓൺലൈൻ യോഗങ്ങൾ നടത്താനും പത്തനംതിട്ടയിലെത്തിയ മന്ത്രി കേളു നിർദേശം നൽകി. പ്രമോട്ടർമാരുടെ ഫീൽഡുതല പ്രവർത്തനം കൃത്യമായി പരിശോധിക്കുന്നതിനും ഹോംസർവേ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരും ജനപ്രതിനിധികളും മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിശോധിക്കുന്നതിന് ജില്ലാ ഓഫീസർമാരുടെ നേതൃത്വത്തിൽ അവലോകനം നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
ഓഫീസ് പ്രവർത്തനം വേഗത്തിലാക്കാൻ ഇ- ഓഫീസ് സംവിധാനം ഫീൽഡുതല ഓഫീസുകളിലും ഏർപ്പെടുത്തും.
അംബേദ്കർ ഗ്രാമം പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർവഹണ ഏജൻസികളുടെ യോഗം മന്ത്രിതലത്തിൽ ചേരും. ഭരണാനുമതി ലഭിക്കുന്നതിലെ കാലതാമസം പരിശോധിക്കും. പ്രോജക്ടുകളുടെ സാങ്കേതിക പരിശോധനയ്ക്ക് ജില്ലാ കളക്ടർ നാമനിർദേശം ചെയ്യുന്ന എൻജിനിയറും പട്ടികജാതി പട്ടികവർഗ ഓഫീസർമാരുമടങ്ങുന്ന സാങ്കേതിക സമിതികളെയും നിയോഗിക്കും.
എല്ലാ ബ്ലോക്കുതല ഉദ്യോഗസ്ഥരും പ്രീ-മെട്രിക് ഹോസറ്റലുകൾ, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകൾ, നഴ്സറികൾ, സാമൂഹ്യ പഠനമുറികൾ കൃത്യമായി സന്ദർശിച്ച് മാസത്തിലൊരിക്കൽ വിലയിരുത്തൽ റിപ്പോർട്ട് നൽകണമെന്നും പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി കേളു നിർദേശിച്ചു.
ഭൂരഹിതരായവർക്ക് ഭൂമി ലഭ്യമാക്കുന്നതിന് മുൻഗണന നൽകും. പട്ടികവർഗ വിഭാഗത്തിൽ പൂർണമായി ഭൂമിയും വീടും ഈ സാമ്പത്തിക വർഷംതന്നെ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.
കോർപസ് ഫണ്ട് പദ്ധതികൾ പൂർത്തിയാക്കും
കോർപസ് ഫണ്ടിൽനിന്ന് അനുമതി നൽകിയിട്ടുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ നഗറുകളിലും റോഡ്, കുടിവെള്ളം, വൈദ്യുതി ലഭ്യമാക്കുന്നതിന് ശ്രദ്ധിക്കണം.
സർക്കാർ സഹായങ്ങൾക്ക് ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കുന്ന എബിസിഡി പദ്ധതിയുടെ പുരോഗതി വിലയിരുത്തണം. കുട്ടികളുടെ കൊഴിഞ്ഞ്പോക്ക് തടയുന്നതിനുള്ള ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം.
പിഇടിസികളുടെ സേവനം ഓൺലൈനായി മണ്ഡലങ്ങളിലും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം.
പട്ടികജാതി വർഗ വികസന വകുപ്പുകളുടെ കീഴിലുള്ള ഐടിഐകൾ മികച്ചതാക്കുമെന്നും മന്ത്രി പറഞ്ഞു.പരിവർത്തിത ക്രൈസ്തവ മേഖലയിലേക്ക് കോർപറേഷൻ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. ദുർബല വിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സ്വയം തൊഴിൽ പദ്ധതിയിലൂടെ 100 ശതമാനം സബ്സിഡിയോടെ ഓട്ടോറിക്ഷ വാങ്ങിയ മൂന്നുപേർക്കുള്ള താക്കോൽ ദാനവും നിർവഹിച്ചു.
എംഎൽഎമാരായ പ്രമോദ് നാരായൺ, കെ.യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, ജില്ലാ കളക്ടര് എസ്. പ്രേംകൃഷ്ണൻ, പട്ടികജാതി, വർഗ വികസന ഓഫീസര്മാര്, ഐടിഡിപി പ്രോജക്ട് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.