നീരേറ്റുപുറം പമ്പ ജലമേള തിരുവോണനാളില്‍; ഉത്രാടം നാളിലെ ജലോത്സവത്തിന് കളക്ടറുടെ നിരോധനം
1452101
Tuesday, September 10, 2024 2:55 AM IST
പത്തനംതിട്ട: നീരേറ്റുപുറം പമ്പ ജലമേള സംബന്ധിച്ച തർക്കത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ. ഉത്രാടം നാളിലെ ജലമേളയാണ് കളക്ടർ നിരോധിച്ചത്. തിരുവോണനാളില്‍ മേള നടത്താന്‍ അനുമതിയും നല്കി. അരനൂറ്റാണ്ട് പിന്നിട്ട തിരുവോണ നാളിലെ ജലമേളയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിക്ടര്‍ ടി. തോമസ് പ്രസിഡന്റായിട്ടുള്ള പമ്പ ബോട്ട് റേസ് ക്ലബും റെജി ഏബ്രഹാം ചെയർമാനായ ക്ലബും തമ്മിലുള്ള തർക്കത്തിനാണ് കളക്ടർ വിരാമമിട്ടത്. 66-ാമത് കെ.സി. മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള പമ്പ ജലമേള ഉത്രാടം നാളായ 14 ന് നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്പ ബോട്ട് റേസ് ക്ലബും നീരേറ്റുപുറം ജലമേള തിരുവോണം നാളായ 15 ന് നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് നീരേറ്റുപുറം ജലോത്സവ സമിതിയും പത്തനംതിട്ട കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തിരുവല്ല സബ് കളക്ടറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയിരുന്നു. പമ്പ ബോട്ട് റേസ് ക്ലബ് എന്നപേരില്‍ യഥാക്രമം പി 98/90, പി-274/2007 എന്നീ രജിസ്റ്റര്‍ നമ്പരുകളില്‍ രണ്ട് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കവും കോടതി വ്യവഹാരവും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചു.
തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ആറിന് ജില്ലാ കളക്ടര്‍ ഇരു വിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ച് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള തീയതികളില്‍നിന്ന് ജലമേള മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചു. തര്‍ക്കം ഉടലെടുത്തതിനേ തുടര്‍ന്ന് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.
മുന്‍ വര്‍ഷങ്ങളില്‍ നടന്നിട്ടുള്ള വള്ളംകളികളില്‍ സംഘര്‍ഷം ഉണ്ടായിട്ടുള്ളതിനാല്‍ ഇതൊരു ക്രമസമാധാന പ്രശ്നമായി മാറുമെന്ന് എസ്പിയും തിരുവല്ല ഡിവൈഎസ്പിയും റിപ്പോര്‍ട്ട് നല്കി. ഇതേത്തുടര്‍ന്ന് കെ.സി. മാമ്മന്‍മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പ ജലോത്സവം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ കളക്ടര്‍ നിരോധിക്കുകയായിരുന്നു. തിരുവോണം നാളിലെ ജലമേള നടക്കുകയും ചെയ്യും. ജനകീയ ട്രോഫിയാകും വിജയികള്‍ക്ക് നല്‍കുക.
ഒമ്പതു ചുണ്ടന്‍വള്ളങ്ങള്‍ പങ്കെടുക്കും
നീരേറ്റുപുറം ജനകീയ ജലോത്സവ സമിതിയുടെ നേതൃത്വത്തില്‍ പന്പ ജലമേള തിരുവോണം നാളായ 15 ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ഒമ്പതു ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ 40 കളിവള്ളങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
ജല ഘോഷയാത്രയോടെ ആരംഭിക്കുന്ന വള്ളം കളിയില്‍ വിവിധ ഫ്ളോട്ടുകള്‍ അണിനിരക്കും. മാസ് ഡ്രില്‍ അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള ക്രമീകരണവും നടത്തിക്കഴിഞ്ഞു. വള്ളംകളിയില്‍ മന്ത്രിമാരായ സജി ചെറിയാന്, വീണാ ജോര്‍ജ്, എം.ബി. രാജേഷ്, റോഷി അഗസ്റ്റിന്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍,
വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ ജനകീയ ട്രോഫി കരസ്ഥമാക്കിയ തലവടി ചുണ്ടന്റെ ക്യാപ്റ്റന്‍ ഈ വര്‍ഷത്തെ ജലമേളയില്‍ വള്ളങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നു മുതല്‍ 14 വരെ നീന്തല്‍ മത്സരം, ചെറുവള്ളങ്ങളുടെ തുഴച്ചില്‍ പരിശീലനം, കയാക്കിംഗ് കനോയിംഗ്എന്നീ പരിപാടികള്‍ വാട്ടര്‍ സ്റ്റേഡിയത്തിലും നടക്കും. ഇതിന് ആവശ്യമായ ഫയര്‍ ഫോഴ്സ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ട്.
അത്തപ്പൂവിടല്‍ മത്സരം, കുട്ടനാടന്‍ ആറന്മുള വഞ്ചിപ്പാട്ട് മത്സരം, വിദ്യാർഥി വിഭാഗം വഞ്ചിപ്പാട്ട് മത്സരം, ചിത്രരചനാ മത്സരം, വള്ളംകളിയും ടൂറിസം എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസമത്സരവും, കുട്ടനാടന്‍ പൈതൃകം നിലനിര്‍ത്തുന്നതിന് വിവിധതരത്തിലുള്ള കലാ സംസ്കാരിക പരിപാടികള്‍, സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. പരിപാടികള്‍ നീരേറ്റുപുറം എസിഎന്‍ ജംഗ്ഷനിലും നീരേറ്റുപുറം ടാക്സി സ്റ്റാന്‍ഡിലുമായി നടക്കും.
വള്ളങ്ങളുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് ഇന്നുവൈകുന്നേരം അഞ്ചിന് ജലോത്സവ ഓഫീസില്‍ നടക്കും. അതിനോടനുബന്ധിച്ച് ക്യാപ്റ്റന്‍സ് ക്ലിനിക്കും നടക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ ക്രമീകരണങ്ങളും നടന്നുവരുന്നതായി ചെയര്മാന് റെജി ഏബ്രഹാം തൈക്കടവില്‍, ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി, വൈസ് ചെയര്മാന് ബാബു വലിയവീടന്‍, ജനറല്‍ കണ്‍വീനര്‍മാരായ ബിജു പാലത്തിങ്കല്‍, അജിത് കുമാര്‍ പിഷാരത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.