ബിലീവേഴ്സ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നൂറ് കിലോമീറ്റര്‍ സൈക്ലോത്തോണ്‍ നടത്തി
1451879
Monday, September 9, 2024 6:16 AM IST
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന ആരോഗ്യബോധവത്കരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി നൂറു കിലോമീറ്റര്‍ സൈക്ലോത്തോണ്‍ സംഘടിപ്പിച്ചു. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച സൈക്ലോത്തോണ്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ റോസി മാര്‍സെല്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ശാരീരിക അധ്വാനവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്ലോത്തോണ്‍ സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും കോട്ടയം സൈക്ലിംഗ് ക്ലബ്, ഫ്ളൈയിംഗ് വീല്‍സ്, തിരുവല്ല, ഫ്രീവീലേഴ്സ് കായംകുളം തുടങ്ങിയ ക്ലബുകളും ഉള്‍പ്പെടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറോളം പേരാണ് സൈക്ലോത്തോണില്‍ പങ്കെടുത്തത്.
തിരുവല്ല ബൈപാസ് വഴി ചെങ്ങന്നൂര്‍, പന്തളം, തുമ്പമണ്‍ എന്നിവിടങ്ങളിലൂടെ കോന്നി ബിലീവേഴ്സ് ചര്‍ച്ച് സെന്ററില്‍ എത്തിയ സൈക്ലിംഗ് സംഘം തിരികെ പത്തനംതിട്ട, കോഴഞ്ചേരി വഴി 10.30 ന് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു.
കൃത്യമായ റോഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ഹെല്‍മെറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കി നടത്തിയ സൈക്ലോത്തോണിനെ അനുഗമിച്ച് ബിലീവേഴ്സ് ആശുപത്രിയുടെ ആംബുലന്‍സ് സേവനവും ഉണ്ടായിരുന്നു.