മാലിന്യപ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം വേണമെന്ന് കോഴഞ്ചേരി വികസനസമിതി
1451876
Monday, September 9, 2024 6:16 AM IST
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലേതടക്കം മാലിന്യപ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസനസമിതിയംഗം. പത്തനംതിട്ടയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു കര്‍ശന നിലപാടെടുക്കാന്‍ യോഗം തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്കി. മിനി സിവില്‍ സ്റ്റേഷന് പരിസരങ്ങളില്‍ മാലിന്യം തള്ളുന്നതു തടയാന്‍ ഇടപെടലുകളുണ്ടാകുമെന്നും തഹസിര്ദാര് പറഞ്ഞു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കോഴഞ്ചേരിയിലെ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റും അനുബന്ധ സൗകര്യങ്ങളും ഒരു വര്‍ഷമായി അടച്ചുപൂട്ടിയ നിലയിലാണെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധിയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജെറി മാത്യു സാം യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഏഴ് ഗ്രാമപഞ്ചായത്തിനു വേണ്ടി 50 ലക്ഷം രൂപയ്ക്കു മുകളില്‍ ചെലവഴിച്ച മാലിന്യ സംസ്കരണ പദ്ധതി ഇപ്പോള്‍ താളംതെറ്റിയിരിക്കുകയാണ്.
അറവുശാലകളിലെ മാലിന്യങ്ങള്‍ പമ്പാനദിയിലേക്ക് തള്ളുന്ന പ്രവണത സമീപകാലത്ത് വര്‍ധിച്ചിരിക്കുകയാണ്. പഞ്ചായത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ പരിശോധന നടത്തി കര്‍ശന നടപടി വേണമെന്നാവശ്യവുമുണ്ടായി.
കോഴഞ്ചേരി ടിബി ജംഗ്ഷനില്‍ പിഐപി വക എട്ടു സെന്റ് സര്‍ക്കാർ ഭൂമി അന്യാധീനപ്പെടുന്നതായും ഇത് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യാന്‍ നീക്കം നടക്കുന്നതായും യോഗത്തില്‍ പരാതിയുണ്ടായി.