വിളവുകള്‍ കാട്ടുമൃഗങ്ങള്‍ കൊണ്ടുപോയി; നഷ്ടക്കണക്കുകളുമായി മലയോര കര്‍ഷകര്‍
1451870
Monday, September 9, 2024 5:43 AM IST
റാന്നി: മലയോര കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വിളവെടുപ്പ് ഘട്ടത്തില്‍ സംഹാരതാണ്ഡവമാടി കാട്ടുമൃഗങ്ങള്‍. ഓണക്കാല വിളവെടുപ്പിനു പാകമായ കൃഷിയിടങ്ങളില്‍നിന്നാണ് വിളവുകള്‍ നഷ്ടപ്പെടുന്നത്.
കാട്ടുമൃഗങ്ങളുടെ ശല്യം മൂലം പതിനായിരക്കണക്കിന് രൂപയുടെ കൃഷിനാശം നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ നഷ്ടം ആരു കൊടുക്കുമെന്ന ചോദ്യമാണ് കര്‍ഷകരും കര്‍ഷക സംഘടനകളും ഉയര്‍ത്തുന്നത്. തെങ്ങ്, റബര്‍, വാഴ, കപ്പ തുടങ്ങിയവ കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചാല്‍ വനംവകുപ്പ് നല്കുന്ന നഷ്ടപരിഹാരം തുലോം തുച്ഛമെന്നാണ് കര്‍ഷകരുടെ പരാതി. കാര്‍ഷികനഷ്ടത്തിന്റെ പത്തിലൊന്നു പോലും നഷ്ടപരിഹാരമായി ലഭിക്കാറില്ല.
മാത്രമല്ല കര്‍ഷകരുടെ നഷ്ടപരിഹാര അപേക്ഷകളില്‍ പലപ്പോഴും യാതൊരു നടപടിയുമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിക്കളയുകയാണ് പതിവ്. ലിസ്റ്റില്‍ കൊള്ളിക്കുന്ന അപേക്ഷകളില്‍ ലഭിക്കുന്ന നഷ്ടപരിഹാരം ഒന്നിനും മതിയാകാത്തതിനാല്‍ പലരും പരാതികള്‍ക്ക് പോകാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മലയോര മേഖലയിലെ റബര്‍ കര്‍ഷകര്‍ക്കു പോലും രക്ഷയില്ലെന്ന സ്ഥിതിയാണ്. പ്രായമെത്തിയ ഒരു റബര്‍മരത്തിന് 200-225 എന്ന തോതിലാണ് വനംവകുപ്പ് നഷ്ടം കണക്കാക്കിയിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. നശിപ്പിക്കപ്പെട്ട എത്തവാഴ ഒന്നിന് 80-85, പൈനാപ്പിൾ തോട്ടം ഒരു സെന്റിലെ നാശനഷ്ടത്തിന് 100 രൂപയില്‍ താഴെ എന്നിങ്ങനെ പോകുന്നു വനംവകുപ്പിന്റെ നഷ്ടപരിഹാരത്തോത്. നശിപ്പിക്കപ്പെടുന്ന കൊക്കോ ചെടികള്‍ക്കോ കായ്ഫലത്തിനോ നഷ്ടപരിഹാരം ലഭിച്ചതായി കര്‍ഷകര്‍ പറയുന്നുമില്ല.
കാട്ടുപന്നിയും കാട്ടാനയുമാണു പ്രധാന ശല്യക്കാരെങ്കിലും കുരങ്ങ്, കാട്ടുപോത്ത്, മലയണ്ണാന്, മയില്‍ എന്നിവയും നാശമുണ്ടാക്കുന്നുണ്ട്.
കാട്ടുമൃഗശല്യത്തിനെതിരേ നടപടി വേണമെന്ന് വിവിധ പ്രദേശങ്ങളില്‍നിന്ന് ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വ സന്നാഹങ്ങളുമുണ്ടായിട്ടും വനംവകുപ്പ് നോക്കുകുത്തികളാകുകയാണെന്നാണ് പരാതി. കൃഷിയിടങ്ങളുടെ സംരക്ഷണത്തിനു പ്രത്യേക പദ്ധതി എംഎല്‍എ ഫണ്ടുപയോഗിച്ച് പ്രമോദ് നാരായണ്‍ പ്രഖ്യാപിച്ചുവെങ്കിലും സമീപകാലത്തെങ്ങും ഇതു പ്രാവര്‍ത്തികമാകുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കില്ല.
കാട്ടുമൃഗങ്ങളുടെ സംരക്ഷണച്ചുമതലയുള്ള വനംവകുപ്പ് ഇവയെ കാട്ടില്‍തന്നെ സംരക്ഷിക്കുകയാണ് വേണ്ടതെന്നു കര്‍ഷകര്‍ പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.