ജില്ലാ എക്സൈസ് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം പത്തിന്
1451491
Sunday, September 8, 2024 3:03 AM IST
പത്തനംതിട്ട: ജില്ലാ എക്സൈസ് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം പത്തിനു നടക്കും. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ജംഗ്ഷനിലാണ് സ്വന്തം കെട്ടിടം. നിലവില്‍ പത്തനംതിട്ട ശാസ്താ ക്ഷേത്രത്തിനു സമീപത്തായി വാടകക്കെട്ടിടത്തിലാണ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
2,74,33,445 രൂപ പ്ലാന്‍ ഫണ്ടില്‍നിന്നും ചെലവഴിച്ചാണ് പത്തനംതിട്ടയില്‍ എക്സൈസ് കോംപ്ലക്സ് യാഥാര്‍ഥ്യമാക്കിയത്. പത്തനംതിട്ടയില്‍ വാടകയ്ക്കു പ്രവര്‍ത്തിച്ചുവന്നിരുന്ന എക്സൈസ് ഡിവിഷന് ഓഫീസ്, എക്സൈസ് സ്പെഷല്‍സ് സ്ക്വാഡ് ഓഫീസ്, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, എക്സൈസ് ഇന്റലിജന്‍സ് വിഭാഗം എന്നിങ്ങനെ അഞ്ച് ഓഫീസുകളാണ് എക്സൈസ് കോംപ്ലക്സിനുള്ളില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്.
എക്സൈസ് കോംപ്ലക്സ് യാഥാര്‍ഥ്യമാകുന്നതോടെ മാസവാടക ഇനത്തില്‍ നല്‍കിയിരുന്ന 1.25 ലക്ഷം രൂപ സര്‍ക്കാരിന് ലാഭിക്കാന്‍ കഴിയും. 2017 മുതല്‍ ആരംഭിച്ച ശ്രമങ്ങളാണ് ഇപ്പോള്‍ പൂര്ത്തീകരണത്തിലെത്തുന്നതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ എക്സൈസ് കോംപ്ലക്സിന്റെ ഉദ്ഘാടനം പത്തിനു രാവിലെ 9.30ന് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ കെ.എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, എക്സൈസ് ഉദ്യോഗസ്ഥരായ രാജീവ് ബി. നായര്‍, അയൂബ്ഖാന്, ഗോപാലകൃഷ്ണന് ആചാരി, സാബു തോമസ്, ഷാജി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.