കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേള പത്തു മുതല്‍ പത്തനംതിട്ടയില്‍
1451463
Sunday, September 8, 2024 2:52 AM IST
പത്തനംതിട്ട: കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേളയുടെയും കെ ലിഫ്റ്റ് ജില്ലാതല പ്രഖ്യാപനവും പത്തിനു പത്തനംതിട്ടയില്‍ നടക്കും. 10 മുതല്‍ 14 വരെ പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡില്‍ തയാറാക്കുന്ന പ്രത്യേക പന്തലിലാണ് വിപണനമേള നടക്കുന്നത്. ഓണം വിപണനമേളയുടെ ഉദ്ഘാടനം രാവിലെ പത്തിന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പങ്കെടുക്കും.
നാല് ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും. വിപണനമേളയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ തയാറാക്കുന്ന വിവിധതരം ഭക്ഷ്യോത്പന്നങ്ങള്‍ ഉണ്ടാകും.
നൂറുതരം അച്ചാറുകള്‍, നൂറുതരം ചിപ്സ്, അട്ടപ്പാടി വനസുന്ദരി ചിക്കന്‍ വിവിധ ജില്ലയില്‍നിന്നും വ്യത്യസ്തമായ ഫുഡ് കോര്‍ട്ട് എന്നിവയും ഉണ്ടാവും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും വിവിധ മത്സരങ്ങളും നടക്കും.