ഏനാദിമംഗലം ഐഎംഎ ബയോ മെഡിക്കല്‍ പ്ലാന്റ് : ജനകീയ വിചാരണയില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍
1451458
Sunday, September 8, 2024 2:52 AM IST
അടൂര്‍: ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റിനെ സംബന്ധിച്ച ജനകീയ സംവാദത്തില്‍ പ്രതിഷേധം. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇളമണ്ണൂരില്‍ ഇന്നലെ നടന്ന പബ്ലിക് ഹിയറിംഗില്‍ വലിയ ജനകീയ പ്രതിഷേധമുണ്ടായി. ഐഎംഎ ഇമേജാണ് പദ്ധതി രൂപകല്പന ചെയ്തു നടപ്പാക്കുന്നത്.
അടൂര്‍ ആര്‍ഡിഒയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. വലിയ ജനസഞ്ചയമാണ് പബ്ലിക് ഹിയറിഗില് പങ്കെടുത്തത്. ഐഎംഎ പ്രതിനിധി സംസാരിക്കാന്‍ മൈക്കിനു മുന്നില്‍ എത്തിയപ്പോഴേക്കും വലിയ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.
പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിക്കാട്ടി വലിയ പ്രതിഷേധമുണ്ടായി. ജനങ്ങളുടെ പ്രതിഷേധത്തെ വകവെയ്ക്കാതെ ഐഎംഎ പ്രതിനിധി സംസാരിച്ചതോടെ ആളുകളുടെ പ്രതിഷേധം ശക്തമായി.
പദ്ധതിയുടെ ഡിപിആര്‍ വിശദീകരിച്ചുകൊണ്ട് ആശുപത്രി മാലിന്യപ്ലാന്റ് നാടിനു ദോഷകരമല്ല എന്ന വാദഗതിയാണ് ഐഎംഎ പ്രതിനിധി പറഞ്ഞത്. എന്നാല്‍ അതിനുശേഷം ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി.
കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും ആന്റോ ആന്റണി എംപിയും ഈ പദ്ധതി ഏനാദിമംഗലത്ത് വരാന്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അറിയിച്ചു. ശേഷം സംസാരിച്ച ബിജെപി, സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിവിധ നേതാക്കളും മാലിന്യപ്ലാന്റ് വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു.
ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ന്യൂമാന്‍ സെന്‍ട്രല്‍ സ്കൂള്‍ തുടങ്ങിയ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥി, പിടിഎ പ്രതിനിധികളും മാലിന്യസംസ്കരണ പ്ലാന്റ് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതാണെന്നും സമരമുഖത്ത് തങ്ങളുമുണ്ടാകുമെന്നും അറിയിച്ചു. വിവിധ ആരാധനാലയങ്ങളുടെ പ്രതിഷേധവും യോഗത്തില്‍ രേഖപ്പെടുത്തി.
അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ ശാന്തരാക്കിയത്. പബ്ലിക് ഹിയറിംഗിന്റെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചശേഷമേ പ്ലാന്റിന് അന്തിമ അനുമതി നല്കുകയുള്ളൂവെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പ്ലാന്റ് ഏനാദിമംഗലത്ത് സ്ഥാപിക്കാൻ പ്ലാന്‍ തയാറാക്കിയതെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.
വായു, ജല, പരിസരമലിനീകരണം പ്ലാന്റിനുണ്ടാകുന്നില്ലെന്ന പഠന റിപ്പോര്‍ട്ടുകളുണ്ടെന്നും കഞ്ചിക്കോട്ടെ പ്ലാന്റ് വര്‍ഷങ്ങളായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.