സിപിഎം ജില്ലാ യോഗത്തിലെ കൈയാങ്കളി; ഹര്‍ഷകുമാറിനും പദ്മകുമാറിനും താക്കീത്
1451457
Sunday, September 8, 2024 2:52 AM IST
പത്തനംതിട്ട: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കൈയാങ്കളിയില്‍ മുതിര്‍ന്ന നേതാക്കളായ മുന്‍ എംഎല്‍എ എ. പദ്മ കുമാറിനും പി.ബി. ഹര്‍ഷകുമാറിനും താക്കീത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ നേതൃത്വത്തിന്റെ നടപടി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നാണ് താക്കീത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ ഡോ. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ നടന്ന കൈയാങ്കളിയാണ് നടപടിക്കു കാരണമായത്. മാര്‍ച്ച് 25ന് ചേര്‍ന്ന യോഗത്തില്‍ പ്രചാരണത്തിലെ വീഴ്ചകളുടെ പേരില്‍ പദ്മകുമാറും ഹര്‍ഷകുമാറും തമ്മില്‍ തുടങ്ങിയ വാക്കുതര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.
ഹര്‍ഷകുമാര്‍ പദ്മകുമാറിനെ പിടിച്ചുതള്ളിയതായി പറയുന്നു. ഇതു സംബന്ധമായ മാധ്യമവാര്‍ത്തകള്‍ വന്നതിനു പിന്നാലെ ജില്ലാ സെക്രട്ടേറിയറ്റ് നിഷേധിക്കുകയുണ്ടായി. ഇരുവരുടെയും സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സംഭവം നിഷേധിക്കുകയും ചെയ്തിരുന്നു. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത മന്ത്രി വി.എന്‍. വാസവനും സംഭവം നിഷേധിക്കുകയാണുണ്ടായത്.
എന്നാല്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ അന്നു നടപടിയോ ചര്‍ച്ചയോ പാര്‍ട്ടി ഒഴിവാക്കുകയായിരുന്നു. സംഭവത്തിലെ അതൃപ്തി കേന്ദ്ര കമ്മിറ്റിയംഗവും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയുമായിരുന്ന തോമസ് ഐസക് രേഖപ്പെടുത്തുകയും ചെയ്തതാണ്. തോമസ് ഐസക്കിന്റെ തോല്‍വിക്കും വോട്ടുചോര്ച്ചയ്ക്കും നേതാക്കളുടെ കൈയാങ്കളിയും കാരണമായെന്ന വിലയിരുത്തലിലേക്ക് സംസ്ഥാന നേതൃത്വമെത്തിയതോടെ നടപടിക്ക് നിര്‍ദേശം നല്‍കിയതെന്ന് പറയുന്നു.
തോമസ് ഐസക്കും മന്ത്രി വി.എന്‍. വാസവനും പങ്കെടുത്ത ജില്ലാ നേതൃയോഗമാണ് താക്കീത് ചെയ്യാന്‍ തീരുമാനിച്ചത്. നിലവില്‍ സിപിഎം സമ്മേളനങ്ങള്‍ തുടങ്ങിയ സമയത്താണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ നടപടിയെന്നതും ശ്രദ്ധേയമാണ്.
മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാണ് പത്മകുമാര്‍. പി.ബി. ഹര്‍ഷകുമാര്‍ സിഐടിയു ജില്ലാ സെക്രട്ടറിയും സിപിഎം സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗവുമാണ്.