സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐക്കാരന്റെ തല അടിച്ചുതകർത്തു
1450984
Friday, September 6, 2024 3:17 AM IST
പത്തനംതിട്ട: സിപിഎമ്മിൽ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചുതകർത്തു. മലയാലപ്പുഴ സ്വദേശിയായ ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർ കുപ്പികൊണ്ട് ആക്രമിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 29 ന് ഒരു വിവാഹ സൽക്കാര ചടങ്ങിനിടെയായിരുന്നു സംഭവം. ഭീഷണിയെത്തുടർന്ന് രാജേഷ് ആദ്യം പരാതി നൽകിയിരുന്നില്ല. ഇന്നലെ രാത്രിയോടെ പത്തനംതിട്ട പോലീസിൽ പരാതി നൽകി.
ശരണിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. രണ്ടുമാസം മുന്പ് ശരണിനെയും സംഘത്തെയും സിപിഎമ്മിലേക്ക് സ്വീകരിച്ചത് ഏറെ വിവാദമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ സിപിഎമ്മിലേക്കു സ്വീകരിച്ചത്.