മെഴുവേലി പഞ്ചായത്ത് കമ്മിറ്റിയിൽ സിപിഎം മെംബർക്കു നേരേ കൈയേറ്റം
1450706
Thursday, September 5, 2024 3:11 AM IST
പത്തനംതിട്ട: മെഴുവേലി ഗ്രാമപഞ്ചായത്തിലെ സിപിഎം അംഗത്തെ സ്വന്തം പാർട്ടിക്കാരനായ മറ്റൊരു പഞ്ചായത്തംഗം കൈയേറ്റം ചെയ്തു. നാലാം വാര്‍ഡ് അംഗം ഡി. ബിനുവിനെയാണ് കൈയേറ്റം ചെയ്തത്.
പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ് ഓഫീസിനു വെളിയില്‍ ഇറങ്ങിയപ്പോള്‍ എട്ടാം വാര്‍ഡ് അംഗം വിനോദും നാലംഗസംഘവും ബിനുവിനെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. മര്‍ദനമേറ്റ ബിനു ഉടന്‍ തന്നെ തന്റെ വാഹനത്തില്‍ കയറിപ്പോയി. പഞ്ചായത്ത് കമ്മറ്റിയിലുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തിലെത്തിയത്.
ഇന്നലെ പഞ്ചായത്ത് കമ്മറ്റി ചേര്‍ന്നിരുന്നു. അംഗങ്ങള്‍ സംസാരിക്കുമ്പോള്‍ വിനോദ് ഫോണ്‍ ചെയ്തു കൊണ്ടിരുന്ന് ബിനു ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതെ പോയ വിനോദ് വെളിയിലിറങ്ങി സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളെയും കൂട്ടി വന്ന് ബിനുവിനെ കൈയേറ്റം ചെയ്തുവെന്നാണ് പറയുന്നത്.
പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസിന്റെ അംഗങ്ങളും അടക്കം സംഭവത്തിന് സാക്ഷികളാണ്. മെഴുവേലിയില്‍ സിപിഎമ്മില്‍ ഗ്രൂപ്പിസം ശക്തമാകുന്നതിനിടെയാണ് കൈയേറ്റം.