കൈപ്പട്ടൂര്‍ സർവീസ് സഹകരണ ബാങ്കിലെ അഴിമതി അന്വേഷിക്കണം: യുഡിഎഫ്
1450705
Thursday, September 5, 2024 3:11 AM IST
പത്തനംതിട്ട: കൈപ്പട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ 2023 മാര്‍ച്ച് മുതല്‍ നവംബര്‍ വരെ മെഡിക്കല്‍ സ്റ്റോറിന്റെ മറവിലൂടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കാതിരുന്നത്
ഉദ്യോഗസ്ഥ-ഭരണസമിതി അംഗങ്ങളുടെ രഹസ്യ ധാരണയാണെന്ന് യുഡിഎഫ് ബോര്‍ഡ് അംഗങ്ങളായ സജി കൊട്ടയ്ക്കാട്, പ്രഫ. ജി. ജോണ്‍, ലിസിമോള് ജോസഫ്, കേണല്‍ ഉണ്ണികൃഷ്ണന് നായര്‍ എന്നിവര്‍ പറഞ്ഞു.
ഇതിനെതിരേ പ്രതികരിക്കുന്നവരെ എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി ഭരണകക്ഷിയായ ഇടതുമുന്നണിയുടെ സഹായത്തോടെയാണ്. 28 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്ന് പറയുകയും 16 ലക്ഷം രൂപയും പലിശയും തിരിച്ചടച്ചെന്നു പറഞ്ഞ് ഒരു നടപടിയുമെടുക്കാത്തതും ഒന്‍പതുമാസമായി ക്രമക്കേട് നടത്തിയിട്ടും അതെല്ലാം മറച്ചുവയ്ക്കാന്‍ നേതൃത്വം നല്കിയ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാതെ റിട്ടയര്‍ ചെയ്യാന്‍ സാവകാശം കൊടുക്കുന്നത് ഭരണം നടത്തുന്നവര്‍ക്ക് ഇതില്‍ പങ്കുള്ളതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.
ക്രമക്കേട് നടന്ന കാലത്തെ പ്രസിഡന്റിനെയും ഭരണസമിതി അംഗങ്ങളെതന്നെയും അഴിമതി അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയ ഇപ്പോഴത്തെ ഭരണസമിതിയുടെ തീരുമാനം എല്ലാവരുടെയും പങ്ക് തേച്ചുമായ്ച്ചു കളയുന്നതിനു വേണ്ടിയാണെന്നും ഇവർ കുറ്റപ്പെടുത്തി.