നിരണത്ത് താറാവുകൾക്ക് ദയാവധം; കർഷകർക്കു നഷ്ടമായത് ജീവനോപാധി
1423384
Sunday, May 19, 2024 4:16 AM IST
നിരണം: പക്ഷിപ്പനി ബാധിത മേഖലകളിൽ താറാവുകളെ ദയാവധത്തിനു വിധേയമാക്കിയതോടെ നിരണത്തെ കർഷകർക്കു നഷ്ടമായത് ജീവനോപാധി. പടിഞ്ഞാറൻ മേഖലയിലെ കര്‍ഷകര്‍ക്കു നെല്‍ക്കൃഷിക്കു പുറമേയുള്ള പ്രധാന ജീവനോപാധിയാണ് താറാവുകൃഷി. വീടുകളില്‍ താറാവിനെ വളര്‍ത്തി ചെറുകിട കച്ചവടം നടത്തുന്ന നിരവധി വീട്ടമ്മമാരുടെയും കുടുംബ ബജറ്റിനെ പക്ഷിപ്പനി താളം തെറ്റിക്കും. താറാവ്, കോഴി എന്നിവയുടെ മുട്ടയും ഇറച്ചിയും വില്പന നടത്തിയാണ് ഇവര്‍ വരുമാനം കണ്ടെത്തിയിരുന്നത്.
വഴിയോരങ്ങളിൽ താറാവുകളും മുട്ടകളുമായി കാത്തിരുന്ന് അന്നം തേടുന്ന കർഷകർക്കാണ് ഓരോ വർഷവും പക്ഷിപ്പനിയുടെ പേരിൽ നഷ്ടങ്ങളേറുന്നത് .
24 രൂപ നിരക്കില്‍ വാങ്ങി വളര്‍ത്തുന്ന താറാവിന് കുഞ്ഞുങ്ങളെ മൂന്നു മാസത്തിനു ശേഷം ഇറച്ചിത്താറാവായി വില്‍ക്കുകയാണ് രീതി. തുടക്കത്തില്‍ കോഴിത്തീറ്റയും കക്കയും നല്‍കും. പിന്നീട് അരി നല്‍കും. കടകളില്‍ വില്പനയ്ക്ക് യോഗ്യമല്ലാത്ത അരി ലഭിച്ചാൽ അതാണ് നല്‍കുക. കിലോയ്ക്ക് ഏതാണ്ട് 20 രൂപയ്ക്കാണ് ഈ അരി ലഭിക്കുക. ഇതിനു പുറമേ കൂലിയിനത്തിലും വന്‍ തുക ചെലവാകും.
ശരാശരി ആയിരം താറാവിന് ഒരു നോട്ടക്കാരന് വേണം. ഇയാള്‍ക്ക് ഒരു ദിവസം 1000 രൂപ കൂലിയായി നല്‍കണം. ഇവയ്ക്കെല്ലാം ശേഷം വില്ക്കുമ്പോള് താറാവൊന്നിന് കര്ഷകന് ലഭിക്കുന്നത് 200 - 250 രൂപയാണ്. ഇതേ താറാവിനെ വിപണിയില്‍ വില്‍ക്കുന്നത് 300-350 രൂപയ്ക്കും. പ
്രതിരോധ നടപടികളുടെ ഭാഗമായി കൊന്നൊടുക്കുന്നവയ്ക്ക് വളര്‍ച്ചയനുസരിച്ച് 100 - 200 രൂപ മാത്രമാണ് നൽകുന്നത്. മുട്ടകള്‍ക്ക് അഞ്ചു രൂപ വീതമാണ് നല്‍കുക.
പക്ഷിപ്പനി ആവർത്തിക്കപ്പെടുന്നു
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതും വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊല്ലേണ്ടിവരുന്നതും കര്‍ഷകരെ നിരാശയിലാക്കുകയാണ്. നിരണത്തെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഡക്ക് ഫാമിലാണ് ഇത്തവണ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പിന്നീട് പതിനൊന്നാം വാർഡിലേക്കും വ്യാപിച്ചതോടെ കൂടുതൽ കർഷകർ ബാധ്യതയിലായി. 11-ാം വാര്‍ഡില്‍ കുര്യന് മത്തായി, നിരണം കിഴക്കുഭാഗം എന്ന കര്‍ഷകന്റെ താറാവുകളില്‍ പക്ഷിപ്പനി (എച്ച് 5 എന്‍ 1) ബാധിച്ചതായി സ്ഥിരീകരിച്ചു. പതിനൊന്നാം വാർഡിൽ 12,000 ഓളം താറാവുകളെ നശിപ്പിച്ചു.
മൃഗസംരക്ഷണ വകുപ്പ് നാല് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡിനെ ഇതിനായി നിയോഗിച്ചിരിക്കുകയാണ്. ഇൻഫക്ടഡ് സോണിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തുപക്ഷികളെയും കൊല്ലാനാണ് നിർദേശം.
വര്‍ഷംതോറും ഉണ്ടാവുന്ന രോഗബാധ താറാവ് വളര്‍ത്തല്‍ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രോഗം ബാധിച്ച താറാവു കൂട്ടത്തെ നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കൊല്ലുകയാണ് പ്രതിവിധി. കൊന്ന താറാവിന്റെ കണക്കുവച്ച് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും നല്‍കും.
രോഗം സ്ഥിരീകരിക്കാതെ താറാവുകളെ കൊന്നാല്‍ നഷ്ടപരിഹാരവും ലഭിക്കില്ല. രോഗബാധ സംശയിച്ചാലും അവയെ സംരക്ഷിച്ചു നിർത്തേണ്ട ചുമതല കർഷകനാണ്.
തിരുവല്ല മഞ്ഞാടിയില്‍ താറാവിനെ അയച്ച് പരിശോധിച്ചാല്‍ മാത്രം പോരാ ഭോപ്പാലില്‍നിന്നും പരിശോധനാ റിപ്പോര്‍ട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കൂ. കുട്ടനാട്ടില്‍ പക്ഷിപ്പനി പരിശോധനാകേന്ദ്രം എന്നതും വാഗ്ദാനമായി തുടരുകയാണ്.
പക്ഷികളുടെ ഉപയോഗവും വിപണനവും: കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനം
പത്തനംതിട്ട: ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, തഴക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് എന്നീ പ്രദേശങ്ങളിലും പത്തനംതിട്ടയിലെ നിരണം പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം,
പന്തളം, കുളനട, തുമ്പമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും 25 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.
ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു പക്ഷികള്‍ എന്നിവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലെന്നു ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധകള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.