പ്രചാരണം വിഷുമയം
1416252
Sunday, April 14, 2024 3:57 AM IST
പത്തനംതിട്ട: വിഷുത്തലേന്നുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും കൊന്നപ്പൂക്കള്‍ മയം. ഇക്കുറി കൊന്ന നേരത്തേ പൂത്തതിനാല്‍ ചെലവു കുറയ്ക്കാന്‍ വേണ്ടി പൂക്കള്‍ നേരത്തേ ശേഖരിച്ചു തുടങ്ങിയിരുന്നു. ഇന്നലത്തെ പ്രചാരണ പരിപാടികളില്‍ സ്ഥാനാര്‍ഥികളെ സ്വീകരിച്ചതും കൊന്നപ്പൂക്കളുമായാണ്.
തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെ ഭവന സന്ദര്‍ശനത്തില്‍ കൊന്നപ്പൂക്കളും വിഷു ആശംസാകാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തുന്നത്. മൂന്നു രാഷ്ട്രീയ പാര്‍ട്ടികളും ആശംസാകാര്ഡുകളോടൊപ്പം കൊന്നപ്പൂക്കളും ഒന്നിച്ച് പിന്ചെയ്താണ് വീടുകളില്‍ എത്തിച്ചത്.
ഇതിനോടൊപ്പം സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനകളും വികസന രേഖകളുമൊക്കെയുണ്ട്. കൊന്നപ്പൂവിന്റെ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച ഫോട്ടോ പതിച്ച ആശംസാകാര്‍ഡുകളാണ് ഓരോരുത്തരും തയാറാക്കിയിരിക്കുന്നത്.