അംബേദ്കർ ജയന്തി ആഘോഷം നാളെ അടൂരിൽ
1416148
Saturday, April 13, 2024 3:30 AM IST
പത്തനംതിട്ട: ഡോ. ബി.ആര്. അംബേദ്കറുടെ 133-ാമത് ജന്മദിനം ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ നാളെ അടൂർ കെഎസ്ആർടിസി ജംഗ്ഷനു സമീപം ഫെസ്റ്റിവെല്‍ ഓഫ് ഫ്രട്ടേണിറ്റി എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് പി.എ. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
എന്‍ലൈറ്റന്‍ഡ് യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.കെ. സുകു അധ്യക്ഷത വഹിക്കും. 10.30ന് നടക്കുന്ന സാഹോദര്യ സമ്മേളനം സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് കവി സമ്മേളനം സെക്രട്ടേറിയറ്റംഗം ശ്യാമള കോയിക്കല്‍ ഉദ്ഘാടനം ചെയ്യും.
3.30ന് ജന്മദിനറാലി ഹൈസ്കൂള്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് കെഎസ്ആർടിസി ജംഗ്ഷനു സമീപത്തെ സമ്മേളന നഗറില്‍ സമാപിക്കും. സെക്രട്ടേറിയറ്റംഗം പി.പി. ജോയി റാലി ഫ്ളാഗ്ഓഫ് ചെയ്യും.
വൈകുന്നേരം ആറിന് പൊതുസമ്മേളനം ദളിത് സമുദായ മുന്നണി ചെയര്മാന് സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി.എ. പ്രസാദ് അധ്യക്ഷത വഹിക്കും. ദളിത് സമുദായ മുന്നണി നല്കുന്ന വില്ലുവണ്ടി പുരസ്കാരം ചലച്ചിത്ര സംവിധായകന് ഡോ. ബിജുവിന് സമ്മാനിക്കും.
ഓള് ഇന്ത്യ ബാക്ക് വേര്‍ഡ് ക്ലാസസ് ഫെഡറേഷന് പ്രസിഡന്റ് വി.ആര്. ജോഷി, എഴുത്തുകാരന് പ്രഫ. എം.എച്ച്. ഇല്ല്യാസ് എന്നിവര്‍ മുഖ്യാതിഥികളാകും.
സാംസ്കാരിക പരിപാടികൾ, കലാപ്രദര്‍ശനങ്ങള്‍, ചിത്രരചന, ഗാനാവിഷ്കാരങ്ങള്‍, ഫ്ളാഷ് മോബ് എന്നിവയും ആഘോഷ പരിപാടിയുടെ ഭാഗമായി നടക്കും.
ജനറൽ സെക്രട്ടറി പി.എ. പ്രസാദ്, സെക്രട്ടറി ബിജോയ് ഡേവിഡ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഗോപാലകൃഷ്ണന് മേലൂട്, വൈസ് ചെയര്മാന് രാജന് കൈതക്കാട്, സംസ്ഥാന കമ്മിറ്റിയംഗം ഗംഗാധരന് ചേറ്റയില്‍, ജില്ലാ കമ്മിറ്റിയംഗം സജി പരുമല എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.