വാൽവ് ഘടിപ്പിച്ച് വെള്ളം തുറന്നുവിടാനായില്ല: കടന്പനാട്ട് പാഴാക്കിയത് 4.75 ലക്ഷം ലിറ്റർ വെള്ളം
1416140
Saturday, April 13, 2024 3:22 AM IST
കടമ്പനാട്: ഘടിപ്പിക്കാന്‍ കൊണ്ടു വന്ന വാല്‍വിന്റെ അളവില്‍ നേരിയ മാറ്റം വന്നതോടെ ശുദ്ധജല വിതരണം സാധ്യമല്ലെന്നായതോടെ സംഭരണിയുടെ സുരക്ഷയ്ക്കായി 4.75 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളഞ്ഞതായി ആക്ഷേപം.
അഞ്ചു ലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ ടാങ്ക് പൂർണമായും നിറഞ്ഞതോടെ വെള്ളം പുറത്തേക്കു വിടാൻ മറ്റു മാർഗമില്ലെന്നായപ്പോഴാണ് വ്യാഴാഴ്ച രാത്രി ലക്ഷക്കണക്കിനു ലിറ്റർ വെള്ളം പാഴാക്കിയത്. കൊടുംവേനലില്‍ വെള്ളം ഒഴുക്കിക്കളഞ്ഞത് ഇന്നലെ രാവിലെയോടെയാണ് നാട്ടുകാർ അറിഞ്ഞത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ജല അഥോറിറ്റി ഉദ്യോഗസ്ഥർ തയാറായിട്ടുമില്ല.
കടന്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മോതിരച്ചുള്ളിമലയില് സ്ഥാപിച്ചിരിക്കുന്ന സംഭരണിയിൽനിന്നുള്ള വെള്ളമാണ് തുറന്നു വിടേണ്ടി വന്നത്. അഞ്ചു ലക്ഷം ലിറ്ററാണ് സംഭരണ ശേഷി. വിതരണ ശൃംഖലയില്‍ പുതിയ വാല്‍വ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസമായി സംഭരണ ടാങ്കില്‍നിന്ന് ജലം തുറന്നു വിടുന്നത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
ടാങ്കില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് വാല്‍വ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായുള്ള കൂറ്റന്‍ വാല്‍വ് ക്രെയിനിലാണ് ഇറക്കിയത്. വിതരണ പൈപ്പ് 10 ഇഞ്ചിന്റേതാണ്. ഇതില്‍ ഘടിപ്പിക്കാന്‍ കൊണ്ടു വന്ന വാല്‍വിന്റെ അളവ് കൃത്യമായിരുന്നില്ല. ഇതു കാരണം ജലവിതരണ പൈപ്പ് മുറിച്ചത് തമ്മില്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞില്ല. ഏതു വിധേനയെങ്കിലും വാല്‍വ് തിരുകി കയറ്റാനുള്ള ശ്രമത്തിനിടെ ജീവനക്കാരനു പരിക്കേൽക്കുകയുമുണ്ടായി.
പന്പു ചെയ്തത് കല്ലടയാറ്റിലെ വെള്ളം
മണ്ണടിയില്‍ കല്ലടയാറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് മലങ്കാവിലെ ശുദ്ധീകരണശാലയില്‍ എത്തിക്കും. ഇവിടെ ശുദ്ധീകരിക്കുന്ന വെള്ളമാണ് മോതിരച്ചുള്ളിമലയിലെ സംഭരണശാലയിലേക്ക് എത്തിക്കുന്നത്. മൂന്നു ദിവസമായി ലൈനില്‍ ജലവിതരണമില്ലെങ്കിലും പമ്പിംഗും ശുദ്ധീകരണവും നടന്നിരുന്നു.
ഇതു കാരണം മോതിരച്ചുള്ളിമലയിലെ സംഭരണശാലയില്‍ വെള്ളം പൂർണമായി നിറഞ്ഞു. വാല്‍വ് ഘടിപ്പിച്ചതിനു ശേഷം വ്യാഴാഴ്ച വൈകുന്നേരം ജലവിതരണം പുനരാരംഭിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അത് സാധിക്കാതെ വന്നപ്പോള്‍ നിറഞ്ഞു കിടക്കുന്ന ടാങ്ക് അപകടഭീഷണിയായി.
ഇനിയും ശുദ്ധീകരിച്ച ജലം ടാങ്കിലേക്ക് വന്നാല്‍ അതില്‍ ഉള്‍ക്കൊളളാതെ വരികയും സഭരണി അപകടത്തിലാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് വെള്ളം തുറന്നു വിട്ടതെന്ന് പറയുന്നു.
സംഭരണടാങ്കില്നിന്നുള്ള വെള്ളം നെല്ലിമുകള്‍ ജംഗ്ഷനില്‍ എത്തി കടമ്പനാട്, പാണ്ടിമലപ്പുറം, കൊല്ലം ജില്ലയിലെ ഇടയ്ക്കാട്, ഏഴാംമൈല്‍ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതാണ്. കടമ്പനാട്, നെല്ലിമുകള്‍, മോതിരച്ചുള്ളിമല, കല്ലുകുഴി, ഇടയ്ക്കാട്, പാണ്ടിമലപ്പുറം, ചക്കൂര്‍ച്ചിറ, മുണ്ടപ്പള്ളി, അടയപ്പാട്, ലക്ഷംവീട് കോളനി തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകളാണ് ഈ വെള്ളം ആശ്രയിച്ചു കഴിയുന്നത്.
വേനല്‍ കടുത്തതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ ജലക്ഷാമത്തിന്റെ പിടിയിലാണ്. മൂന്നു ദിവസമായി അറ്റകുറ്റപ്പണിയുടെ പേരില്‍ ജലവിതരണം തടസപ്പെട്ടിരിക്കുകയായിരുന്നു. അതിനിടെയാണ് സംഭരിച്ച വെള്ളം ആര്‍ക്കും പ്രയോജനമില്ലാതെ തുറന്നു വിട്ടിരിക്കുന്നത്.
വെള്ളം പാഴാക്കി, ഉത്തരവാദിത്വം ഒഴിഞ്ഞ് ഉദ്യോഗസ്ഥർ
കടന്പനാട്: കൊടുംവരൾച്ചയ്ക്കിടെ മോതിരച്ചുളളി മലയിലെ ജലസംഭരണിയില്‍നിന്ന് 4.75 ലക്ഷം ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം ഒഴുക്കി കളഞ്ഞ വിഷയത്തിൽ ഉത്തരവാദിത്വം ഒഴിഞ്ഞ് ഉദ്യോഗസ്ഥർ. കൊടുംവേനലില്‍ പഞ്ചായത്ത് മുഴുവന്‍ ജലക്ഷാമം അനുഭവിക്കുമ്പോഴാണ് ജല അഥോറിറ്റിയുടെ അനാസ്ഥ കാരണം ഇത്രയും വലിയ വീഴ്ചയുണ്ടായിരിക്കുന്നത്.
എന്നാല്‍, സംഭവത്തെ ലഘൂകരിക്കുകയും നിസാരവത്കരിച്ച് സ്വന്തം ഉത്തരവാദിത്വത്തില്നിന്നൊഴിഞ്ഞ് മാറുകയുമാണ് ഉദ്യോഗസ്ഥര്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് മോതിരച്ചുള്ളി മലയിലെ അഞ്ചു ലക്ഷം ലിറ്റര്‍ ടാങ്കില്‍നിന്ന് ശുദ്ധജലം തുറന്നു വിട്ടത്. രാത്രി പത്തോടെ ടാങ്ക് കാലിയായി.
വിവരമറിഞ്ഞ ജനങ്ങള്‍ സംഘടിച്ച് പ്രതിഷേധിച്ചെങ്കിലും വ്യക്തമായ വിശദീകരണം ഉണ്ടായില്ല. മലിനജലമാണ് ഒഴുക്കി കളഞ്ഞതെന്നായിരുന്നു ആദ്യ പ്രതികരണം. എന്നാല്‍, വീഡിയോ ദൃശ്യങ്ങളില്‍ ശുദ്ധജലം പാഴാകുന്നതാണ് കാണുന്നതെന്ന് പറഞ്ഞപ്പോള്‍ ആരെങ്കിലും തുറന്നു വിട്ടതാകുമെന്ന നിസാര മറുപടിയാണ് നല്‍കിയത്. ഇന്നലെ ഉച്ചയോടെ അറ്റകുറ്റപ്പണി നടത്തി പന്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്.
പത്ത് ഇഞ്ച് വ്യാസമുള്ള ജലവിതരണക്കുഴലില്‍ ഘടിപ്പിക്കാന്‍ കൊണ്ടു വന്ന വാല്‍വിന്റെ അളവിലുണ്ടായ വ്യത്യാസമാണ് വലിയ ജലനഷ്ടത്തിന് ഇടയാക്കിയത്.