യുവ വോട്ടര്‍മാരില്‍ കൂടുതല്‍ പുരുഷന്മാര്
1416134
Saturday, April 13, 2024 3:22 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലാണെങ്കിലും യുവ വോട്ടര്‍മാരില്‍ കൂടുതലും പുരുഷന്മാരാണ്. മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭിച്ച 18,087 പേരില്‍ 9,254 പുരുഷന്മാരാണ്. സ്ത്രീകളുടെ എണ്ണം 8,833 മാത്രമാണ്. മണ്ഡലതലത്തില്‍ കോന്നിയിലും കാഞ്ഞിരിപ്പള്ളിയിലും മാത്രമാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍. കോന്നിയില്‍ 1224 പുരുഷന്മാരും 1237 സ്ത്രീകളും കാഞ്ഞിരപ്പള്ളിയില്‍ 1,250 പുരുഷന്മാരും 1,305 സ്ത്രീകളുമാണുള്ളത്.
മറ്റു മണ്ഡലങ്ങളായ അടൂര്‍, ആറന്മുള, തിരുവല്ല, റാന്നി, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ പുരുഷന്മാര് തന്നെയാണ് കൂടുതലും. അടൂരില്‍ 1614 പുരുഷന്മാരും 1491 സ്ത്രീകളും, ആറന്മുളയില് 1330 പുരുഷന്മാരും 1267 സ്ത്രീകളും, തിരുവല്ലയില്‍ 1220 പുരുഷന്മാരും 1207 സ്ത്രീകളും, റാന്നിയില്‍ 1121 പുരുഷന്മാരും 966 സ്ത്രീകളും, പൂഞ്ഞാറില്‍ 1,495 പുരുഷന്മാരും 1,360 സ്ത്രീകളുമാണ് പുതുതായി പട്ടികയിലുള്ളത്.
3869 സര്‍വീസ് വോട്ടര്‍മാര്‍
പത്തനംതിട്ട: ജില്ലയില്‍ ഇത്തവണ 3869 സര്‍വീസ് വോട്ടര്‍മാര്‍ വോട്ടവകാശം വിനിയോഗിക്കും. 3694 പുരുഷ വോട്ടര്‍മാരും 175 സ്ത്രീ വോട്ടര്‍മാരുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അടൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ സര്‍വീസ് വോട്ടര്‍മാര്‍ ഉള്ളത്. 1,268 പുരുഷ വോട്ടര്‍മാരും 52 സ്ത്രീ വോട്ടര്‍മാരുമായി 1,320 സര്‍വസ് വോട്ടുകള്‍ അടൂരില്‍നിന്നാണ്.
437 വോട്ടര്‍മാരുള്ള റാന്നിയിലാണ് ഇക്കുറി സര്‍വീസ് വോട്ടുകള്‍ കുറവ് രേഖപ്പെടുത്തുക. 419 പുരുഷ വോട്ടര്‍മാരും 18 സ്ത്രീ വോട്ടര്‍മാരുമാണ് റാന്നിയിൽ വോട്ട് രേഖപ്പെടുത്താനുള്ളത്. അടൂരിനു ശേഷം കൂടുതല്‍ സര്‍വീസ് വോട്ടര്‍മാര്‍ കോന്നിയിലാണ്. 667 പുരുഷ വോട്ടര്‍മാരും 35 സ്ത്രീ വോട്ടര്‍മാരുമായി 969 പേരുണ്ട്.
ആറന്മുളയില് 667 പുരുഷ വോട്ടര്‍മാരും 34 സ്ത്രീ വോട്ടര്‍മാരുമായി 701 പേരും സർവീസ് വോട്ടർമാരുടെ പട്ടികയിലുണ്ട്. തിരുവല്ലയില്‍ 442 വോട്ടര്‍മാരില്‍ 406 പുരുഷ വോട്ടര്‍മാരും 36 സ്ത്രീ വോട്ടര്‍മാരും ഇക്കുറി തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തും.
ജില്ലയില്‍ 2,238 എന്‍ആര്‍ഐ വോട്ടര്‍മാര്‍
പത്തനംതിട്ട: ജില്ലയില്‍ ഇക്കുറി 2,238 എന്‍ആര്‍ഐ വോട്ടര്‍മാര്‍. എന്‍ആര്‍ഐ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും പുരുഷന്മാരാണ്. 1,801 പുരുഷ വോട്ടര്‍മാരും 437 സ്ത്രീ വോട്ടര്‍മാരുമാണ് ഈ പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ എന്‍ആര്‍ഐ വോട്ടര്‍മാര്‍ ആറന്മുളയിലാണ്. 726 വോട്ടർമാരാണ് ആറന്മുളയിലുള്ളത്. ഏറ്റവും കുറവ് അടൂരിലാണ്. 304 വോട്ടർമാർ.
ആറന്മുളയില് 562 പുരുഷ വോട്ടര്‍മാരും 164 സ്ത്രീ വോട്ടര്‍മാരുമാണ് എൻആർഐ വിഭാഗത്തിലുള്ളത്. അടൂരില്‍ 257 പുരുഷ വോട്ടര്‍മാരും 47 സ്ത്രീ വോട്ടര്‍മാരുമുണ്ട്.
തിരുവല്ലയില്‍ 404 പുരുഷ വോട്ടര്‍മാരും 106 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 510 വോട്ടര്‍മാരുണ്ട്. റാന്നിയില്‍ 301 പുരുഷ വോട്ടര്‍മാരും 68 സ്ത്രീ വോട്ടര്‍മാരുമായി 369 വോട്ടര്‍മാര്‍ ഉള്ളപ്പോള്‍ കോന്നിയില്‍ 277 പുരുഷ വോട്ടര്‍മാരും 47 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.