കലാകിരീടം കിടങ്ങന്നൂരിന്
1377124
Saturday, December 9, 2023 11:57 PM IST
പത്തനംതിട്ട: മൈലപ്ര മൗണ്ട് ബഥനി സ്കൂളിൽ നടന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ കിടങ്ങന്നൂർ എസ്വിജിവി ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും കലാകിരീടം ചൂടി. തുടർച്ചയായ ആധിപത്യം കിടങ്ങന്നൂർ നിലനിർത്തിയപ്പോൾ രണ്ടാം സ്ഥാനം മല്ലപ്പള്ളി ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെന്റ് എച്ച്എസ്എസിനാണ്.
കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസ് മൂന്നാമതും റാന്നി എസ് സിഎച്ച്എസ്എസ് നാലാമതും വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസ് അഞ്ചാമതും എത്തി. യുപി, എച്ച്എസ്, എച്ച്എസ്എസ് ജനറൽ വിഭാഗങ്ങളുടെ പോയിന്റു നില അടിസ്ഥാനമാക്കിയാണ് ജേതാക്കളെ തീരുമാനിച്ചത്. യുപിയിലും എച്ച്എസ്എസ് വിഭാഗത്തിലും കിടങ്ങന്നൂർ സ്കൂൾ തന്നെ മുന്നിലെത്തി.
പോയിന്റുനില - എസ് വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂർ - 390, സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസ്, ചെങ്ങരൂർ - 246, കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസ് - 230, എസ്സിഎച്ച്എസ്എസ് റാന്നി - 220, സെന്റ് ബഹനാൻസ് എച്ച്എസ്എസ് വെണ്ണിക്കുളം - 202.
ഉപജില്ലകളിൽ പത്തനംതിട്ട
പോയിന്റുനിലയിൽ പത്തനംതിട്ട ഉപജില്ലയാണ് മുന്നിൽ. 778 പോയിന്റ് പത്തനംതിട്ടയ്ക്കു ലഭിച്ചപ്പോൾ 702 പോയിന്റുമായി തിരുവല്ല രണ്ടാമതാണ്. കോന്നി - 700, മല്ലപ്പള്ളി - 699, അടൂർ - 660, ആറന്മുള - 624, റാന്നി - 594, പന്തളം - 568, കോഴഞ്ചേരി - 559, വെണ്ണിക്കുളം - 474, പുല്ലാട് - 462.
ഹൈസ്കൂൾ വിഭാഗത്തിൽ വള്ളംകുളം സ്കൂൾ
ഹൈസ്കൂൾ വിഭാഗത്തിൽ വള്ളംകുളം നാഷണൽ എച്ച്എസ് ഒന്നാമതെത്തി. 155 പോയിന്റു ലഭിച്ചു. കിടങ്ങന്നൂർ സ്കൂളിന് 143 പോയിന്റോടെ രണ്ടാം സ്ഥാനമാണ്. ചെങ്ങരൂർ സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസ് 104 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ കിടങ്ങന്നൂർ എസ്വിജിവിഎച്ച്എസ്എസിന് 58 പോയിന്റോടെ ഒന്നാം സ്ഥാനം ലഭിച്ചു. പന്തളം എൻഎസ്എസ്ഇഎം സ്കൂൾ 50 പോയിന്റോടെ രണ്ടാമതും കോഴഞ്ചേരി സെന്റ് മേരീസ് ജിഎച്ച്എസ് 48 പോയിന്റോടെ മൂന്നാമതുമെത്തി.
എച്ച്എസ്എസ് വിഭാഗത്തിൽ 189 പോയിന്റോടെ കിടങ്ങന്നൂർ ഒന്നാമതെത്തിയപ്പോൾ കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. 133 പോയിന്റ്. 110 പോയിന്റു നേടിയ റാന്നി എസ്സി എച്ച്എസ്എസ് മൂന്നാം സ്ഥാനത്താണ്.
സംസ്കൃതോത്സവത്തിൽ വള്ളംകുളം, കൊറ്റനാട്
സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ വള്ളംകുളം നാഷണൽ സ്കൂൾ 82 പോയിന്റോടെ ഒന്നാമതെത്തി. കൊടുമൺ എച്ച്എസ് 68 പോയിന്റോടെ രണ്ടാമതും റാന്നി എസ് സിഎച്ച്എസ്എസ് 63 പോയിന്റോടെ മൂന്നാമതുമായി.
യുപി വിഭാഗത്തിൽ കൊറ്റനാട് എസ്സിവി എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. 53 പോയിന്റ്. തിരുമൂലപുരം യുപിഎസ് 50 പോയിന്റോടെ രണ്ടാംസ്ഥാനം നേടി. നാഷണൽ എച്ച്എസ് വള്ളംകുളം 45 പോയിന്റ് നേടി.
അറബിക് കലോത്സവത്തിൽ ഐരവൺ, പത്തനംതിട്ട സെന്റ് മേരീസ്
അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ കോന്നി ഐരവൺ പിഎസ് വിപിഎം എച്ച്എസ്എസ് 55 പോയിന്റോടെ ഒന്നാംസ്ഥാനത്തെത്തി. കോന്നി ഗവൺമെന്റ് എച്ച്എസ്എസ് 35 പോയിന്റോടെ രണ്ടാമതായി.
യുപി വിഭാഗത്തിൽ പത്തനംതിട്ട സെന്റ് മേരീസ് സ്കൂൾ ഒന്നാമതെത്തി. 65 പോയിന്റാണ് സ്കൂളിനു ലഭിച്ചത്. സെന്റ് ജോർജ് എച്ച്എസ് കോട്ടാങ്ങൽ 53 പോയിന്റോടെ രണ്ടാമതും എൻഎസ്എസ് എച്ച്എസ്എസ് പന്തളം 41 പോയിന്റോടെ മൂന്നാമതുമായി.
കൊടിയിറക്കം മൗണ്ട് ബഥനിയിൽ
മൈലപ്ര: നാലുനാള് നീണ്ടുനിന്ന കൗമാര കലോത്സവത്തിന് കൊടിയിറങ്ങി. മൈലപ്ര മൗണ്ട് ബഥനി, എസ്എച്ച് സ്കൂളുകൾ പ്രധാന വേദികളാക്കി സമീപത്തെ എൽപി സ്കൂളുകളും ഓഡിറ്റോറിയങ്ങളും ഉൾപ്പെടെ 11 വേദികളിലായി നടന്ന കലോത്സവത്തിനാണ് ഇന്നലെ രാത്രി തിരശീല വീണത്.
കലോത്സവത്തിന്റെ തുടക്കം മുതൽ ആസ്വാദകരുടെ കുറവ് എല്ലാ വേദികളിലും അനുഭവപ്പെട്ടു. എന്നാൽ നാടകം, ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി, നാടൻപാട്ട്, സംഘനൃത്തം ഇനങ്ങളിൽ ആസ്വാദകർ എത്തിയിരുന്നു. മത്സരാർഥികളുടെ കുറവ് കലോത്സവത്തിന്റെ പകിട്ട് കുറയുന്നുവോ എന്ന ആശങ്കയും ഉയർത്തി.
പരിശീലനത്തിനും മറ്റുംഭാരിച്ച ചെലവ് കാരണം പലരും മടിച്ചു നിൽക്കുന്നതായാണ് കണ്ടത്. ഒപ്പന, തിരുവാതിര, ഭരതനാട്യം, കേരളനടനം, സംഘനൃത്തം, കുച്ചിപ്പുടി ഇനങ്ങളിൽ മാത്രമാണ് മൽസരാരഥികൾ കൂടുതൽ ഉണ്ടായിരുന്നത്.
അപ്പീലുകളുടെ കാര്യമായ കുറവുണ്ടായിട്ടില്ല. 80 ഓളം അപ്പീലുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവ ഡിഡിഇ വി. രാജുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും.
സമയ ബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നത് സംഘാടക സമിതിക്കു നേട്ടമായി.
ഇതുമായി ബന്ധപ്പെട്ട് പ്രോഗ്രാം കമ്മിറ്റിയുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി ഫ്രെഡി ഉമ്മന്റെ നേതൃത്വത്തിൽ 201 അംഗ പ്രോഗ്രാം കമ്മിറ്റിയാണ് പ്രവർത്തിച്ചത്. മത്സര ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ വെബ്സൈറ്റും തയാറാക്കിയിരുന്നു.
പ്രധാന വേദിയായ മൗണ്ട് ബഥനി സ്കൂളിൽ നടന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ ഇന്നലെ മത്സരങ്ങൾ വീക്ഷിക്കാനായി എത്തിയിരുന്നു.