ഗാന്ധിജയന്തി ദിനാചരണം ഇലന്തൂരില്‍
1339807
Sunday, October 1, 2023 11:43 PM IST
ഇലന്തൂർ: 1937 ജനുവരി 20ന് ഗാന്ധിജി സന്ദര്‍ശനം നടത്തിയ ഇലന്തൂരില്‍ ഗാന്ധിജയന്തി ദിനത്തില്‍ വിവിധ പരിപാടികളോടെ ഗാന്ധിസ്മൃതി സംഘടിപ്പിക്കുന്നു.
ഇലന്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താഴയില്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഈ പ്രദേശത്തുനിന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഗാന്ധിയന്മാരെയും കുടുംബാംഗങ്ങളെയും വിദ്യാഭ്യാസം, സിനിമ, മാനേജ്മെന്റ്, ശുചീകരണ മേഖലകളില്‍ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്കിയ 15ഓളം പേരെയും ആദരിക്കുമെന്ന് താഴയില്‍ ഗ്രൂപ്പ് ചെയര്മാന് തോമസ് ജോൺ, മാനേജിംഗ് ഡയറക്ടര്‍ ജിനോയ് ജോണ്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ പത്തിന് ഇലന്തൂര്‍ മാര്‍ത്തോമ്മ വലിയ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ താഴയില്‍ ഗ്രൂപ്പ് ചെയര്മാന് തോമസ് ജോണ്‍ ആമുഖപ്രഭാഷണം നടത്തും. മലങ്കര ഓര്‍ത്തഡോക്സ് സഭ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമിസ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
ഗാന്ധിയനും എംജി സര്‍വകലാശാല മുന്‍ റിസര്‍ച്ച് ഗൈഡും തുരുത്തിക്കാട് ബിഎഎം കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. ജോസ് പാറക്കടവില്‍ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തും.
പ്രമുഖ ഗാന്ധിയനും ഗാന്ധിജിയെ ഇലന്തൂരിലേയ്ക്ക് ക്ഷണിച്ചു വരുത്തിയ ആളുമായ കുമാര്‍ജിയുടെ (കെ കുമാർ) മകന് ഭദ്രകുമാര്‍, വനജാക്ഷിയമ്മ, ഖദര്‍ ദാസ്, ടി.പി. ഗോപാലപിള്ളയുടെ മകള്‍ ലീലാഭായി, മീനാക്ഷിയമ്മയുടെ മകന് സുധീര്‍കുമാർ, ഡോ. ജോസ് പാറക്കടവില്‍ എന്നിവരെ ഡെപ്യൂട്ടി സ്പീക്കര്‍ ആദരിക്കും.
മാനേജ്മെന്റ് രംഗത്തെ ലീഡര്‍ഷിപ്പ് മികവിന് താഴയില്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ തമ്പി എം. മത്തായി, സംവിധായകന് ജൂഡ് ആന്റണി ജോസഫ്, സിനിമാതാരം അജു വര്‍ഗീസ് എന്നിവരെ ആന്റോ ആന്റണി എംപി ആദരിക്കും.
വിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് സമ്മാനിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സമ്മേളനത്തില്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും.