വയോജന പെന്ഷന് വര്‍ധിപ്പിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
1339805
Sunday, October 1, 2023 11:43 PM IST
അടൂർ: വയോജനങ്ങളുടെ പെന്ഷന് 1600 ല്‍ നിന്ന് വര്‍ധിപ്പിക്കണമെന്ന് ചിറ്റയം ഗോപകുമാർ. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ കൊടുമണ്ണില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയോജനങ്ങളോട് സ്നേഹവും കരുതലും പുലര്‍ത്തുന്നതിന് യുവജനങ്ങള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ വയോജനങ്ങളെ ആദരിക്കലും കലാപരിപാടികളും നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു.
ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംല ബീഗം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ആർ.ബി. രാജീവ് കുമാർ, അജികുമാര്‍ രണ്ടാംകുറ്റി, ബര്‍സ്കീപ്പ റമ്പാൻ, ജേക്കബ് ജോസഫ്, തോമസ് കലമണ്ണിൽ, രാജേഷ് തിരുവല്ല, പി. ഷംസുദ്ദീന്, പ്രേമ ദിവാകർ, ഒ.എസ്. മീന തുടങ്ങിയവര്‍ പ്രസംഗിച്ചു.