‘മദർ തെരേസയോടൊപ്പം യൂത്ത് വാക്ക് ’ നാളെ
1339465
Saturday, September 30, 2023 11:06 PM IST
കോട്ടയം: ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ വിശുദ്ധ മദർ തെരേസയുടെ സ്മരണകളോടു ചേർന്ന് "മദർ തെരേസയോടൊപ്പം യൂത്ത് വാക്ക്' എന്ന പേരിൽ ജീവകാരുണ്യ സ്ഥാപനങ്ങൾ സന്ദർശിക്കലും സ്ഥാപന മേധാവികളെ ആദരിക്കലും സ്നേഹസംഗമവും വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടും.
നാളെ രാവിലെ 6.45ന് ആലപ്പുഴ പുന്നപ്ര മദർ തെരേസ കെയർ ഹോം കേന്ദ്രത്തിൽ ആദ്യത്തെ സന്ദർശനം നടക്കും. വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും.
കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ് അധ്യക്ഷത വഹിക്കും. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലെ രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകും. ഉച്ചയ്ക്ക് 12ന് പുതുപ്പള്ളി പൂമറ്റം കമിൽ സദൻ കേന്ദ്രത്തിൽ സന്ദർശനം നടക്കും.
അതിരൂപത വൈസ് പ്രസിഡന്റ് ലിസി ജോസ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഉച്ചകഴിഞ്ഞ് രണ്ടിന് കുന്നന്താനം ദൈവപരിപാലന കേന്ദ്രത്തിലെ പരിപാടികൾക്ക് അതിരൂപത വൈസ് പ്രസിഡന്റ് ഷെയിൻ ജോസഫ് അധ്യക്ഷത വഹിക്കും.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി ദൈവപരിപാലന കേന്ദ്രം നേതൃത്വത്തെ ആദരിക്കും.