പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ കനത്ത മഴ ലഭിച്ചു. എല്ലായിടങ്ങളിലും രാവിലെ മുതല്‍ ഉച്ചവരെ ശക്തമായ മഴ തുടര്‍ന്നു.
ഓറഞ്ച് അലര്‍ട്ടാണ് ഇന്നലെ ജില്ലയില്‍ നിലനിന്നത്. മഴ ശക്തമായതിനെ ത്തുടര്‍ന്ന് നദികളിലും ജലസംഭരണികളിലും ജലനിരപ്പ് ഉയര്‍ന്നു. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ വൈകുന്നേരത്തോടെ ജലനിരപ്പ് ഉയര്‍ന്നു.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റി മഴയുടെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. നാശനഷ്ടങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പത്തനംതിട്ടയില്‍ 41.2 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ രാവിലെ വരെ ലഭിച്ചത്. കോന്നി എസ്റ്റേറ്റ് 46.5, അച്ചന്‍കോവില്‍ 28, തുമ്പമണ്‍ 49.6, കക്കി 63, പമ്പ 41, മൂഴിയാര്‍ 34.8, നിലയ്ക്കല്‍ 10, വടശേരിക്കര 35, പെരുന്തേനരുവി 54.4, അയിരൂര്‍ 45.2, മാലക്കര 42.8, കല്ലൂപ്പാറ 69.4, തിരുവല്ല 52 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
പമ്പയില്‍ ഇന്നലെ വൈകുന്നേരം അയിരൂര്‍ ഭാഗത്ത് 4.98 മീറ്ററും മാരാമണ്ണില്‍ 2.84 മീറ്ററും ആറന്മുളയില് 2.44 മീറ്ററും അച്ചന്‍കോവിലാറ്റില്‍ കല്ലേലി ഭാഗത്ത് 30.25 മീറ്ററുമായിരുന്നു ജലനിരപ്പ്.
മലയോര മേഖലയില്‍ പകല്‍ മഴ ശക്തമായി പെയ്തതിനാല്‍ നദികളിലെ ജലനിരപ്പ് ഉയരുകയാണ്. മണിമലയാറ്റില്‍ വള്ളംകുളത്ത് 3.3 മീറ്ററും കല്ലൂപ്പാറയില്‍ 5.3 മീറ്ററുമായി ജലനിരപ്പുയര്‍ന്നു.
പ്രധാന സംഭരണികളിലേക്കും നീരൊഴുക്ക് വര്‍ധിച്ചു. കക്കി ഡാമില്‍ 967.78 മീറ്ററും പമ്പയില്‍ 968.65 മീറ്ററുമാണ് ഇന്നലെ ജലനിരപ്പ്. യഥാക്രമം 981.46, 986.33 മീറ്ററുകളാണ് ഇരു സംഭരണികളുടെയും ശേഷി.