കമ്മീഷൻ തുക നൽകാത്തതിനെതിരേ റേഷൻ വ്യാപാരികൾ വീണ്ടും കോടതിയിലേക്ക്
1339291
Friday, September 29, 2023 11:54 PM IST
റാന്നി: കോവിഡ് കാലത്ത് കിറ്റ് വിതരണം നടത്തിയതിന്റെ 10 മാസത്തെ കമ്മീഷൻ കുടിശിക റേഷൻ വ്യാപാരികൾക്ക് സർക്കാർ നിഷേധിച്ചതിനെതിരേ വീണ്ടും കോടതിയെ സമീപിക്കാൻ ഇന്ന് റാന്നി എൻഎസ്എസ് ഹാളിൽ ചേർന്ന ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ റാന്നി താലൂക്ക് യോഗം തീരുമാനിച്ചു.
യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ കോടതി തള്ളിയിട്ടും വിധിയുടെ പഴുത് കണ്ടെത്തി വ്യാപാരികൾക്ക് കമ്മീഷൻ നൽകാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതിയിൽ കേസ് കൊടുക്കുന്നതിനോടൊപ്പം താലൂക്ക് സപ്ലൈ ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ നിരന്തരസമരം നടത്താനും യോഗം തീരുമാനിച്ചു. ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി ജോർജ്, സുരേന്ദ്രൻ മല്ലപ്പള്ളി, രമേശ് ചന്ദ്രൻ, രജിത വിജയൻ, പി.ജി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ താലൂക്ക് ഭാരവാഹികളായ ഷാജി ഫിലിപ്പ്-പ്രസിഡന്റ്, രമേശ് ചന്ദ്രൻ-സെക്രട്ടറി, മാത്തുക്കുട്ടി ജോർജ്-ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.