ഗ്രാമീണ മേഖലകളിലെ ബാങ്ക് ശാഖകൾ റദ്ദാക്കരുതെന്ന് എംപി
1339288
Friday, September 29, 2023 11:54 PM IST
പത്തനംതിട്ട: ഗ്രാമീണ മേഖലകളിലെ ബാങ്കുകളുടെ ശാഖകള്‍ റദ്ദു ചെയ്യരുതെന്ന് ആന്റോ ആന്റണി എംപി. ലീഡ് ബാങ്ക് ജില്ലാതല അവലോകന സമിതിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല. കനാറ ബാങ്ക് റദ്ദു ചെയ്ത മൈലപ്രയിലെ ശാഖ പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്.
ബ്രാഞ്ചുകള്‍ നിര്‍ത്തുമ്പോള്‍ അത് ജില്ലാതല അവലോകനസമിതിയെ അറിയിക്കണം. ബാങ്കുകള്‍ വായ്പ കൊടുക്കുന്നത് ഉദാരമാക്കണം.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിലെ പുരോഗമനം അഭിനന്ദനാര്‍ഹമാണ്. പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്ത് ഏറെ ഫലപ്രദമായിരുന്നുവെന്നും പരാതികള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും എംപി പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, നബാര്‍ഡ് ഡിസ്ട്രിക്ട് ഡവലപ്മെന്റ് മാനേജര്‍ റെജി വര്‍ഗീസ്, ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ മിനി ബാലകൃഷ്ണന്, വിവിധ ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.