ആരോഗ്യവകുപ്പിലെ നിയമന പരാതി: അഖിൽ സജീവിനെതിരേ മുന്പും പരാതികൾ
1338834
Thursday, September 28, 2023 12:05 AM IST
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വള്ളിക്കോട്ടുകാരൻ അഖിൽ സജീവിനെതിരേയും മുന്പും പരാതികൾ.
സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കേ ഇയാളുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ ഉയർന്നിരുന്നു. പരാതികളെത്തുടർന്ന് സിഐടിയു ഓഫീസ് സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്തായ അഖിലിനെതിരേ പോലീസിലും പരാതികളുണ്ട്.
സിഐടിയു ജില്ലാ കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന വള്ളിക്കോട് സ്വദേശി അഖിൽ സജീവിനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് കേസ് എടുത്തതെങ്കിലും അറസ്റ്റുണ്ടായില്ല. ഇയാൾ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പോലീസ് പറയുന്നത്. ജില്ലാ സെക്രട്ടറി, ഖജാൻജി എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
സിഐടിയു ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ. അജയകുമാറാണ് പോലീസിൽ പരാതി നൽകിയത്. സെക്രട്ടറി പി.ജെ. അജയകുമാർ, ഖജാൻജി ആർ. സനൽകുമാർ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖിൽ പിൻവലിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ ഏല്പിച്ച 1,40,000 രൂപയും അഖിൽ തട്ടിയെടുത്തിരുന്നതായും ആക്ഷേപമുണ്ടായി.
അതേസമയം, മന്ത്രിയുടെ ഓഫീസിനെ മറയാക്കി തട്ടിപ്പു നടത്തിയെന്ന പരാതി പുറത്തുവന്നതോടെ രണ്ടുവർഷം മുന്പ് സിഐടിയുവിൽ നിന്ന് പുറത്താക്കിയതാണെന്നും ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ പറഞ്ഞു.
ടൈറ്റാനിയത്തിലും ടൂറിസം വകുപ്പിലും ജോലിവാങ്ങി നൽകാമെന്നു പറഞ്ഞ് അഖിൽ മുന്പ് തട്ടിപ്പ് നടത്തിയിരുന്നതായി പറയുന്നു. ഡോക്ടർ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായും 1.75 ലക്ഷം രൂപ നൽകിയതായുമാണ് പുതിയ പരാതി.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെയും ആരോപണ നിഴലിൽ നിർത്തുന്നതാണ് ഇപ്പോഴത്തെ വിവാദങ്ങൾ.
പരാതി ഗൗരവമുള്ളതെന്ന് പുതുശേരി
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ കീഴിലുള്ള നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ടയാൾ കൈക്കൂലി വാങ്ങിയെന്ന ആരോപണം അതീവ ഗുരുതരമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
ആരോപണത്തെത്തുടർന്ന് മുഖം രക്ഷിക്കാൻ ഇത് സംബന്ധിച്ചു പോലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്ന ആരോഗ്യമന്ത്രി അതേ നാവുകൊണ്ടുതന്നെ പേഴ്സണൽ സ്റ്റാഫിന് ക്ലീൻചിറ്റ് നൽകുന്നത് അന്വേഷണത്തെ പ്രഹസനമാക്കിയിരിക്കുകയാണ്.
അന്വേഷണം എങ്ങനെയായിരിക്കണമെന്നു പോലീസിനുള്ള തിട്ടൂരമാണ് മന്ത്രി ഇതിലൂടെ നൽകിയിരിക്കുന്നത്. പോലീസ് അന്വേഷണത്തിന്റെ പരിസമാപ്തി എന്തായിരിക്കുമെന്ന് ഇതിൽ നിന്ന് ഊഹിക്കാവുന്നതേയുള്ളവെന്നും പുതുശേരി അഭിപ്രായപ്പെട്ടു.